നടി ആക്രമണക്കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ച കോടതി വിധിയിൽ കടുത്ത വിമർശനവുമായി നടി പാർവതി തിരുവോത്ത് രംഗത്തെത്തി. പ്രതികൾക്ക് മിനിമം തടവും മാക്സിമം പരിഗണനയുമാണ് ലഭിച്ചതെന്ന് സാമൂഹിക മാധ്യമത്തിൽ കുറിച്ച പാർവതി, സ്ത്രീകൾക്ക് സുരക്ഷിതമായ ഒരിടം പോലുമില്ലെന്നും ഇത് തിരിച്ചറിയുന്നുവെന്നും ആഞ്ഞടിച്ചു.
പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം, കുടുംബപശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായി ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നാണ് അന്ന് വിധി പുറത്തുവന്നതിനുപിന്നാലെ പാര്‍വതി കുറിച്ചത്.









