ലഹരി പരിശോധനക്കിടെ ഹോട്ടലിലെ ജനൽ വഴി ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ, സിനിമാ സ്റ്റൈലിൽ രക്ഷപ്പെട്ടു

കൊച്ചി: സിനിമാ സ്റ്റൈലിൽ പോലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ. നിരന്തരമായി ലഹരികേസുകളുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയുടെ പേര് ഉയരുന്നതിന് പിന്നാലെയാണ് ഡാൻസാഫ് ടീമിന്റെ ലഹരി പരിശോധനക്കിടെ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയിൽ നിന്നും ജനൽ വഴി പുറത്തേക്കിറങ്ങിയോടിയത്.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലിൽ നിന്നുമാണ് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഷൈൻ.

സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോ​ഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയുമായി നടി വിൻ സി അലോഷ്യസ് രം​ഗത്തെത്തിയത്. ആദ്യം ഇക്കാര്യങ്ങളെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ച താരം പിന്നീട് താരസംഘടനക്ക് അടക്കം പരാതി നൽകുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെ 5.30ഓടുകൂടിയാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ മുറിയെടുക്കുന്നത്. പിന്നീട് ഷൈനിനെ കാണാനായി ഒരു പെൺസുഹൃത്ത് അവിടേക്ക് എത്തി. പിന്നീട് ഇവരും ഹോട്ടലിൽ മുറിയെടുത്തു. വൈകുന്നേരത്തോടെ ഇരുവരേയും കാണാൻ ഓരോ സുഹൃത്തുക്കളും എത്തിയിട്ടുണ്ടായിരുന്നു.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാ​ഗമായാണ് ഡാൻസാഫ് സംഘം കൊച്ചിയിലെ ഹോട്ടലിൽ പരിശോധനക്ക് എത്തിയത്. ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ലഹരി ഉപയോ​ഗം നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തിരുന്നു. ‍

ഹോട്ടലില്‍നിന്ന് ഇറങ്ങിയോടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഷൈന്‍ ഇന്‍സ്റ്റ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും സിനിമ സെറ്റില്‍വെച്ച് നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയിലൂടെ വിന്‍ സി തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഷൈന്‍ സ്‌റ്റോറി ആക്കിയിരിക്കുന്നത്‌. ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത് രാത്രി പത്ത് മണിക്കാണ്. രാത്രി 10.58-നാണ് ഷൈന്‍ ഇറങ്ങിയോടിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിന്‍ സി നടന്റെ പേരും സിനിമയുടെ പേരും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വിന്‍ സി നല്‍കിയ പരാതി പുറത്തുവരികയും നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് പരസ്യമാകുകയുമായിരുന്നു. നടന്റേയും സിനിമയുടേയും പേര് പുറത്തുപറയരുതെന്ന് താന്‍ പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും വിന്‍ സി പ്രതികരിച്ചിരുന്നു.

ഡാൻസാഫ് സംഘം ഹോട്ടലിലെത്തി മുറി കണ്ടുപിടിച്ച് എത്തുമ്പോഴേക്കും ജനൽ വഴി ചാടി ഇറങ്ങി ഓടുകയായിരുന്നു. രണ്ടാം നിലയിൽ നിന്നും ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്ക് ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമര്‍ജന്‍സി എക്സിറ്റ് വഴി പടികളിറങ്ങി ഷൈൻ ഇറങ്ങി ഓടുകയും ​ഹോട്ടലിന്റെ ലോബി വഴി പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഹോട്ടലിലെ ഷൈൻ താമസിച്ചിരുന്ന മുറിയിൽ നിന്നു ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.

More Stories from this section

family-dental
witywide