
കൊച്ചി : ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു നടന്റെ അറസ്റ്റ്. ഉടന്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയേക്കും.
ലഹരി താന്‍ ഉപയോഗിക്കാറുണ്ടെന്ന് നടന്‍ പൊലീസിനോട് പറഞ്ഞു. കഞ്ചാവും മെത്താംഫെറ്റമിനും താന്‍ ഉപയോഗിക്കുമെന്നാണ് നടന്റെ മൊഴി. ഷൈനിന്റെ ഫോണില്‍നിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്.
ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നത് സിനിമയിലെ അസിസ്റ്റന്റുമാരെന്നും പൊലീസ് തേടിയ ലഹരിമരുന്ന് ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നും ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിച്ചെന്നു റിപ്പോര്‍ട്ടുണ്ട്.
ഷൈനിനെതിരെ എന്‍ഡിപിഎസ് (നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) ആക്ടിലെ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.
പൊലീസും ഡാന്‍സാഫ് സംഘവും പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഷൈന്‍ ഹോട്ടല്‍മുറിയില്‍നിന്ന് ഇറങ്ങിയോടിയിരുന്നു. തുടര്‍ന്ന് പൊലീസ് ഷൈനിനെ ചോദ്യംചെയ്യാന്‍ ഇന്നു വിളിപ്പിക്കുകയായിരുന്നു. മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. തുടര്‍ന്നായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്.