മഞ്ഞുമ്മൽ ബോയ്സ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസ് സൗബിനൊപ്പം നിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നേരത്തെ മൂവർക്കും മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കും.

മഞ്ഞുമ്മൽ ബോയ്സ് സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. ലാഭവിഹിതം നൽകിയില്ലെന്ന കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് സൗബിന്‍ ഉൾപ്പടെയുള്ളവർ ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നൽകാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നായിരുന്നു സൗബിൻ്റെ പ്രതികരണം.

നിർമാതാക്കൾ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയിൽനിന്ന് വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി

More Stories from this section

family-dental
witywide