
ചെന്നൈ: മോദി സർക്കാരിനും തമിഴ്നാട്ടിലെ സ്റ്റാലിൻ ഭരണകൂടത്തിനും എതിരെ 17 പ്രമേയങ്ങൾ പാസാക്കി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം. തമിഴ്നാടിനോട് കളിക്കരുതെന്നാണ് വിജയിന്‍റെ മുന്നറിയിപ്പ്. തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ ജനറൽ കൗൺസിൽ യോഗത്തിലാണ് താരം താക്കീതുമായി രംഗത്തെത്തിയത്. വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം, ജനസംഖ്യാടിസ്ഥാനത്തിലെ മണ്ഡല പുനർനിർണയ നീക്കം ഉപേക്ഷിക്കണം, ത്രിഭാഷാ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമം മതിയാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയങ്ങളാണ് പാർട്ടിയുടെ ആദ്യ ജനറൽ കൗൺസിൽ പാസാക്കിയത്.
തമിഴ്നാട്ടിലെ ക്രമസമാധാന നില തകർത്തതിൽ ഡിഎംകെ സർക്കാർ മാപ്പ് പറയണം. മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലെ അഴിമതിയിൽ 90 ദിവസത്തിനുള്ളിൽ നിഷ്പക്ഷ അന്വേഷണം പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മൊത്തം 17 പ്രമേയങ്ങൾ ആണ് യോഗത്തിൽ അംഗീകരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സ്വീകരിക്കാൻ വിജയ് യെ ചുമതലപ്പെടുത്തുകയും ചെയ്തു.
‘ഒരു അണക്കെട്ട് കെട്ടി, നദിയെ തടസപ്പെടുത്താം, പക്ഷെ കാറ്റിനെ തടഞ്ഞാൽ അത് കൊടുങ്കാറ്റായി മാറും’, തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ പൊതു സമ്മേളനത്തിൽ വിജയ് നൽകിയ താക്കീതുകളുടെ തുടക്കം ഇങ്ങനെയായിരുന്നു. പിന്നാലെ രാഷ്ട്രീയ എതിരാളികളോടുള്ള കടുത്ത വിമർശനങ്ങൾ വന്നു. ഡിഎംകെയുടെ രഹസ്യ ഉടമ ബിജെപി ആണെന്നും ഇരുവരും എതിരാളികളെപോലെ നടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നുമടക്കമുള്ള ആരോപണങ്ങൾ വിജയ് ഉന്നയിച്ചു. തമിഴക വെട്രികഴകം രൂപീകരിച്ച് ഒരുവർഷം പൂർത്തിയതിന് പിന്നാലെയാണ് ചെന്നൈ തിരുവാൺമയൂരിൽ പാർട്ടിയുടെ ആദ്യ ജനറൽ കൗൺസിൽ യോഗം സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച വിജയ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ അധികാരത്തിൽ എത്തുമെന്നും യോഗത്തിൽ പറഞ്ഞു. തമിഴ്നാട്ടിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും താരം കൂട്ടിച്ചേർത്തു.