
കൊച്ചി: 3215 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ നടിയെ ആക്രമിച്ച കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ എല്ലാ വകുപ്പുകളിലും കുറ്റക്കാരെന്ന് കോടതി. കേസിൽ എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് വിചാരണ കോടതി. അതിനാൽ കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിടുകയായിരുന്നു. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്. നടൻ ദിലീപ് അടക്കം പത്തു പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരായിരുന്നു കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.കേസിൽ പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്. കേസിൽ 2017 നവംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്.
2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2024 ഡിസംബർ 11-നാണ് കേസിൻ്റെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രിൽ 9നാണ് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Actress attack case; Accused 1 to 6 found guilty on all charges, court acquits eighth accused Dileep









