കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. 500000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പൾസർ സുനിക്ക് മാത്രം 5 വർഷം കൂടി ശിക്ഷ ഐ ടി ആക്ട് പ്രകാരം വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ഹണി എം വർഗീസാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കൂട്ടബലാൽസംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ചാണ് ഇതെന്നാണ് കോടതി വ്യക്തമാക്കിയത്. ആർക്കും പരമാവധി ശിക്ഷ വിധിച്ചില്ല എന്നത് പ്രോസിക്യൂഷനെ സംബന്ധിച്ചിടത്തോളം നിരാശയാണ്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ സെൻസേഷനായ കേസാണിതെന്നും കോടതി സെൻസെഷൻ എന്ന നിലയ്ക്കല്ല വിധി പറയുന്നതെന്നും ജഡ്ജി വിധി പറയുന്നതിന് മുൻപായി പറഞ്ഞു.
ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ എസ് സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജേഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ തിങ്കളാഴ്‌ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. നടൻ ദിലീപിനെ അന്ന് കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് 376 ഡി വകുപ്പ് പ്രകാരമാണ് 20 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷയും ഒരേ സമയം അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. നേരത്തെ തടവിൽ കിടന്ന കാലപരിധി ശിക്ഷയിൽ ഇളവ് ചെയ്യും. ഇതനുസരിച്ച് പൾസർ സുനി ആദ്യം ജയിൽ മോചിതനാകും. എട്ട് വർഷം ജയിലിൽ കഴിഞ്ഞതിനാൽ, പന്ത്രണ്ടര വർഷം മാത്രം തടവായിരിക്കും പൾസർ സുനിക്ക് ലഭിക്കുക.









