വൈകാരിക കുറിപ്പുമായി അതിജീവിത; ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അത് അപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വൈകാരിക കുറിപ്പുമായി അതിജീവിത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോയ്‌ക്കെതിരെയാണ് പ്രതികരണം. ഒരു അക്രമം നടന്നപ്പോള്‍ ഉടന്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്നും അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ഒന്നും പറയാതെ ഇരിക്കണമായിരുന്നുവെന്നും അതിജീവിത കുറിക്കുന്നു.

കുറിപ്പിൻ്റെ പൂർണ്ണരൂപം

ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!!

അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു. അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!!

ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!

Not a victim, not a survivor,

just a simple human being!!

let me live.

കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിതയുടെ പരാതി. സംഭവത്തില്‍ തൃശ്ശൂര്‍ സൈബര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും അതിജീവിത നടപടി ആവശ്യപ്പെട്ട് ഡിഐജി ഹരിശങ്കറിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും കൈമാറിയിരുന്നു. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരന്‍ ആണ്.

മുഖ്യമന്ത്രിയോടും സമൂഹമാധ്യമത്തിലെ അധിക്ഷേപത്തില്‍ നടപടിയെടുക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുന്നുമെന്നുമായിരുന്നു അതിജീവിത പരാതിയായി ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണം അതിജീവിത ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഇതില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. കേസിൽ മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം കഠിന തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്.

Actress attack case ; Case Survivor emotional note over Martin video

More Stories from this section

family-dental
witywide