നടി ആക്രമിക്കപ്പെട്ട കേസിൽ മാധ്യമങ്ങൾക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നൽകി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ്. കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് ജഡ്ജിയുടെ മുന്നറിയിപ്പ്. ഇന്ന് ആറ് പ്രതികളുടെ ശിക്ഷാവിധി പറയും മുമ്പാണ് ജഡ്ജി മുന്നറിയിപ്പ് നൽകിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി.
തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും. കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി.
ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന ‘നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ’ കേസിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം വർഗീസ് എടുത്തുപറഞ്ഞു. എന്നാൽ, കേസിലെ റിപ്പോർട്ടിംഗിൽ പലപ്പോഴും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
Actress attack case: Judge Honey M. Varghese warns against distorting court proceedings before sentencing, Supreme Court guidelines should be strictly followed












