വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്; കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ആവശ്യപ്പെട്ടു

നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തൽ. ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നുമാണ് കോടതി വിധിയിൽ പറയുന്നത്.

2012ൽ കൊച്ചിയിൽ വെച്ച് യൂറോപ്യൻ യാത്രക്കുള്ള റിഹേഴ്സലുണ്ടായിരുന്നു. ഇതിൽ ​ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിം​ഗ് റോളുകൾ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്നും സ്റ്റേജ് ഷോക്കിടെ മാത്രമാണ് ദിലീപ് സംസാരിച്ചതെന്നും നടിയുടെ മൊഴിയിലുണ്ട്. എന്നാൽ രണ്ടുപേരും തമ്മിൽ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോ​ഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്.

എന്തിനാണ് മഞ്ജുവിനോട് കാവ്യയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞതെന്നും അത് തിരുത്തിപ്പറയണമെന്നും തൻ്റെ അടുത്ത് വന്ന് തറയിലിരുന്ന് ദിലീപ് ആവശ്യപ്പെട്ടു. ആ സമയത്ത് മഞ്ജു തെളിവുകളുമായാണ് തൻ്റെയടുത്ത് വന്നതെന്നും അതെങ്ങെനെ താൻ നിരാകരിക്കുമെന്നും നടി ചോദിക്കുന്നു. താൻ വിചാരിക്കുന്നവർ മാത്രമേ മലയാളസിനിമയിൽ നിന്നിട്ടുള്ളൂവെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നൽകി.

എന്നാൽ ദിലീപിൻ്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങൾ കേട്ടില്ലെന്നും നടിയുടെ അടുപ്പക്കാർ ഉണ്ടായിട്ടും ഇക്കാര്യം എന്തുകൊണ്ട് ആരോടും പറഞ്ഞില്ലെന്നും നടി രഹസ്യമായി വെച്ചുവെന്നും യൂറോപ്യൻ യാത്രയിൽ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതി വ്യക്തമാക്കി. ആ യാത്ര സംഘടിപ്പിച്ചത് ദിലീപാണെന്നും അങ്ങനെയൊരു ഭീഷണി ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് യാത്ര തുടർന്നെന്നും കോടതി ചോദിക്കുന്നു. എന്തെങ്കിലും അസാധാരണമായ സംഭവങ്ങൾ ഉണ്ടായതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കോടതി പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകി.

actress attack case: More details from the verdict revealed; Manju asked to correct statement about having a relationship with Kavya

More Stories from this section

family-dental
witywide