നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി അൽപ്പസമയത്തിനകം, ദിലീപും പൾസർ സുനിയും കോടതിയിൽ

കൊച്ചി: 3215 ദിവസത്തെ കാത്തിരിപ്പ്. രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി അൽപ്പസമയത്തിനകം. കേസിലെ വിധി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ 11മണിക്ക് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. വിധി പ്രഖ്യാപിക്കുന്ന ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയിലെത്തി. കേസിലെ എട്ടാം പ്രതിയായ ദിലീപും ഒന്നാം പ്രതി പൾസർ സുനിയും കോടതിയിലെത്തി. അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും കോടതിയിലെത്തി.

കേസിൽ ദിലീപ് അടക്കം പത്തു പ്രതികളാണുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. കേസിലെ മുഖ്യ ആസൂത്രകൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം.

സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.

കേസിൽ പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്.

കേസിൽ 2017 നവംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2024 ഡിസംബർ 11-നാണ് കേസിൻ്റെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രിൽ 9നാണ് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Actress attack case: Sentencing soon, Dileep and Pulsar Suni in court

More Stories from this section

family-dental
witywide