
കൊച്ചി: നടി നല്‍കിയ പരാതിയില്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നു മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇദ്ദേഹത്തെ ഇന്ന് കൊച്ചിയിലെത്തിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുമെന്നു പൊലീസ് അറിയിച്ചു. എളമക്കര പൊലീസ് എത്തി ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ പുലര്‍ച്ചെ 4നു മുംബൈയിലെത്തിയ ഇദ്ദേഹത്തെ തൊട്ടടുത്ത സഹാര്‍ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു.
സനല്‍കുമാര്‍ ശശിധരനെതിരെ ജനുവരിയിലാണ് കേസെടുത്തത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നടി ഇ മെയിലില്‍ നല്‍കിയ പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. പിന്തുടര്‍ന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തത്. അപ്പോള്‍ സനല്‍കുമാര്‍ യുഎസില്‍ ആയിരുന്നു. തിരികെ എത്തിയപ്പോഴാണ് ഇന്നലെ വിമാനത്താവളത്തില്‍ തടഞ്ഞത്. ഇക്കാര്യം ഇന്നലെ സനല്‍കുമാര്‍തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിടുകയും നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സനല്‍കുമാര്‍ ഒട്ടേറെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. മുന്‍പു സനലിനെതിരെ നല്‍കിയ പരാതിയില്‍ കേസ് നിലനില്‍ക്കെ, വീണ്ടും പിന്തുടര്‍ന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്.














