
തിരുവനന്തപുരം: യുവ നേതാവിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ നടി റിനി ആൻ ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകി. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് നടിയുടെ ആവശ്യം.
വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് നടി പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും റിനി ആൻ ജോർജ് പരാതി നൽകിയിട്ടുണ്ട്. നേരത്തെ, തൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ യാതൊരു ഗൂഢാലോചനയുമില്ലെന്ന് റിനി ആൻ ജോർജ് പ്രതികരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ നടി തയ്യാറായില്ല. രാഹുൽ രാജി വെക്കണോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും, സാമൂഹിക മാധ്യമങ്ങളിൽ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണെന്നും അവർ പറഞ്ഞു.
വിഡി സതീശൻ മനസാ വാചാ കർമ്മണാ അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും അതുകൊണ്ടാണ് താൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. തൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചതിനെതിരെയും, ബഹുമാനിക്കുന്ന ഒരു നേതാവിനെ അതിലേക്ക് വലിച്ചിഴച്ചതിലും തനിക്ക് വേദനയുണ്ടെന്ന് റിനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
പ്രതിപക്ഷ നേതാവിനെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അവർ ചോദിച്ചു. തൻ്റെ വാക്കുകൾ തൻ്റേത് മാത്രമാണെന്നും, ഒരു ഗൂഢാലോചനാ സിദ്ധാന്തവും ഇവിടെ നടക്കില്ലെന്നും റിനി പോസ്റ്റിലൂടെ വ്യക്തമാക്കി.