‘വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് ഹാ കഷ്ടം’, ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ നേതാവിന്‍റെ ഗൂഢാലോചനയെന്ന പ്രചരണം തള്ളി റിനി, ചിത്രം പങ്കുവച്ച് കുറിപ്പ്

കൊച്ചി: യുവ നേതാവിനെതിരായ തന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഗൂഢാലോചനയുണ്ടെന്ന ആരോപണം മനോവേദനയുണ്ടാക്കിയെന്ന് യുവനടി റിനി ആൻ ജോർജ്. സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങൾ തുറന്നുപറഞ്ഞത് ഉള്ളിലെ നെരിപ്പോടിന് ആശ്വാസം തേടാനാണെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. തന്റെ വാക്കുകൾ തന്റേത് മാത്രമാണെന്നും യാതൊരു ഗൂഢാലോചന സിദ്ധാന്തവും ഇതിൽ ബാധകമല്ലെന്നും റിനി കുറിച്ചു. പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റിനി ഈ വിശദീകരണം നൽകിയത്.

ഇൻസ്റ്റഗ്രാമിൽ റിനി ആൻ ജോർജ് കുറിച്ചതിങ്ങനെ

ചില സംഭവങ്ങൾ നമ്മുടെ കൈപ്പിടിയിൽ നിൽക്കാതെ വല്ലാത്ത മാനങ്ങൾ സൃഷ്ടിച്ച് പരിണമിക്കാറുണ്ട്. ഈയിടെ എനിക്കും അത്തരം ഒരു അനുഭവമുണ്ടായി. സാമൂഹ്യജീവി എന്ന നിലയിൽ പൊതുഇടങ്ങളിൽ ഇടപെടുമ്പോൾ സ്ത്രീകൾക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തിൽ ശ്രമിച്ചത്. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. എന്നാൽ അതിന് പിന്നിൽ പതിവ് ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുകയും ചെയ്യുന്ന നേതാവിനെ ചില കേന്ദ്രങ്ങൾ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സ്രഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ? ഉള്ളിൽ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങൾ പറഞ്ഞത്. അതുകൊണ്ട് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാൻ. അത്തരക്കാർ പറ്റുമെങ്കിൽ ഒന്നു കൂടി ചിലപ്പതികാരം വായിക്കുക. എന്റെ വാക്കുകൾ എന്റേത് മാത്രമാണ്. ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വർക്ക് ഔട്ട് ആവുകയില്ല…

Also Read

More Stories from this section

family-dental
witywide