
തെലുങ്കില്‍ നിന്നാണ് മലയാളത്തിന്റെ പ്രിയ നായിക ശാരദ മലയാളത്തിലേക്കെത്തിയത്. മലയാളി മനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് പിന്നീടിങ്ങോട്ട് പ്രേക്ഷകര്‍ക്ക് ശാരദ സമ്മാനിച്ചത്. ഇന്നലെയായിരുന്നു പ്രിയതാരത്തിന്റെ എണ്‍പതാം പിറന്നാള്‍.
ഉദയായുടെ ഇണപ്രവുകള്‍ എന്ന സിനിമക്ക് വേണ്ടി നടിയെ തേടുന്നതിനിടെ കുഞ്ചാക്കോ ആണ് ശാരദയെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. തമിഴില്‍ ഹിറ്റ് ആയിരുന്ന അരുണഗിരിനാധര്‍ എന്ന സിനിമയാണ് ശാരദയ്ക്ക് മലയാളത്തിലേക്ക് വഴിയൊരുക്കിയത്.
എംടിയുടെ ആദ്യ തിരക്കഥയായ മുറപ്പെണ്ണ്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് എന്നീ എക്കാലത്തേയും മനോഹരമായ എംടി ചിത്രങ്ങളിലെ നായികയായി ശാരദ തന്റെ സാന്നിധ്യം മലയാള സിനിമയില്‍ കോറിയിട്ടു. എന്‍.റ്റി രാമറാവുവിന്റെ സിനിമയില്‍ ചൈല്‍ഡ് ആര്‍ട്ടിസ്‌റ് ആയി വന്ന ശാരദാ പിന്നീട് അദ്ദേഹത്തിന്റെ നായികയായി. മലയാളത്തില്‍ സത്യന്‍, നസീര്‍, മധു തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു. പ്രണയവും വാത്സല്യവും ഭക്തിയും വിരഹവുമെല്ലാം അലയടിക്കുന്ന കഥാപാത്രങ്ങളാണ് ശാരദ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
65 വര്‍ഷമായി ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഇക്കുറിയും ആഘോഷങ്ങളില്ലാതെ ചെന്നൈ മഹാലിംഗപുരത്തെ വീട്ടില്‍ പൂജകളും പ്രാര്‍ഥനകളുമായി നടി ജന്മദിനം ചെലവഴിച്ചു. മോഹന്‍ലാല്‍ വിളിച്ച് ആശംസ അറിയിച്ചതായി ശാരദ പറഞ്ഞു.
ആന്ധ്രയിലെ തെനാലിയില്‍ ജനിച്ച്, ജീവിച്ച നടി വിവിധ ഭാഷകളില്‍ 350ലേറെ സിനിമകളില്‍ അഭനിയിച്ചിട്ടുണ്ട്. അമ്മ സത്യവതിയുടെ മുത്തച്ഛന്‍ വഴിയായി കേരളവുമായും ബന്ധമുണ്ട്. തെനാലി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് 1996 ല്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ എംപിയായി.