വമ്പൻ നിക്ഷേപത്തിനൊരുങ്ങി അദാനിഗ്രൂപ്പ്; വിമാനത്താവള വിപണി വിപുലീകരിക്കുന്നു, 11 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കുന്നു

ന്യൂഡൽഹി: അദാനി എൻ്റർപ്രൈസസ് തങ്ങളുടെ വിമാനത്താവള വിപണി വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇതിനായി 11 ബില്യൺ ഡോളർ കൂടി വമ്പൻ നിക്ഷേപം അദാനി ഗ്രൂപ്പ് നടത്തും. കേന്ദ്രസർക്കാർ സ്വകാര്യ പങ്കാളികൾക്ക് പാട്ടത്തിന് നൽകാൻ തയ്യാറെടുക്കുന്ന 11 വിമാനത്താവളങ്ങൾക്കായി ലേലം വിളിക്കാനും അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് വ്യോമഗതാഗതമേഖല കൂടുതൽ വികസനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വ്യോമഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ അദാനി ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നത്.

അതേസമയം, കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് ദീർഘകാല കരാറുകളിൽ പാട്ടത്തിന് നൽകുകയാണ് ചെയ്യുന്നത്. രാജ്യത്തുടനീളം നഗരങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനും മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനും സർക്കാർ പ്രോത്സാഹനം നൽകുന്നുമുണ്ട്.

നിലവിൽ ഇന്ത്യയിൽ 163 വിമാനത്താവളങ്ങളാണുള്ളത്. 2047 ഓടെ രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം 350-400 വരെയാക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഈ വർഷം ആദ്യം, അമൃത് സർ, വാരണാസി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ഉൾപ്പെടെ 11 വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാനുള്ള പദ്ധതികൾ അധികൃതർ പ്രഖ്യാപിച്ചിരുന്നു. അവയുടെ ലേലത്തിൽ പങ്കെടുക്കുമെന്ന് അദാനി എന്റർപ്രൈസസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനകം ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്റർ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അദാനി ആണ്. നിലവിൽ ഇന്ത്യയിലുടനീളം ഏഴ് വിമാനത്താവളങ്ങൾ അദാനി എയർപോർട്ട്സ് കൈകാര്യം ചെയ്യുന്നുണ്ട്. ഡിസംബറിൽ മുംബൈയ്ക്ക് സമീപമുള്ള പുതിയ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനും അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. ഇത് പൂർണ്ണമായും അദാനി എന്റർപ്രൈസസ് നിർമ്മിച്ച ആദ്യത്തെ വിമാനത്താവളമാണ്. അതേസമയം, അദാനി ഗ്രൂപ്പിന് തൽക്കാലം വിമാനക്കമ്പനി ബിസിനസ്സിൽ പ്രവേശിക്കാൻ പദ്ധതികളില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കാൻ വളരെ വ്യത്യസ്‌തമായ സമീപനം ആവശ്യമാണെന്നാണ് ജീത് അദാനി വ്യക്തമാക്കിയത്.

Adani Group prepares for huge investment; Expands airport market, invests another $11 billion

More Stories from this section

family-dental
witywide