എഡിജിപി എംആർ അജിത് കുമാറിന് പുതിയ നിയമനം, എക്സൈസ് കമ്മിഷണർ സ്ഥാനത്തിന് പുറമേ ബെവ്കോ ചെയർമാൻ പദവിയും; ഹർഷിത അട്ടല്ലൂരി എംഡിയായി തുടരും

തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ എം.ആർ. അജിത് കുമാറിനെ ബെവ്കോ (ബിവറേജസ് കോർപ്പറേഷൻ) ചെയർമാനായി സർക്കാർ നിയമിച്ചു. എക്സൈസ് കമ്മിഷണർ പദവിക്ക് പുറമേയാണ് അദ്ദേഹത്തിന് ഈ അധിക ചുമതല നൽകിയിരിക്കുന്നത്. നേരത്തെ ഹർഷിത അട്ടല്ലൂരി ബെവ്കോ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പ്രവർത്തിച്ചിരുന്നു. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം അജിത് കുമാർ ചെയർമാനായി നിയമിതനായപ്പോൾ ഹർഷിത അട്ടല്ലൂരി മാനേജിങ് ഡയറക്ടർ സ്ഥാനത്ത് തുടരും.

2021 വരെ എക്സൈസ് കമ്മിഷണർ തന്നെയാണ് ബെവ്കോ ചെയർമാൻ പദവി വഹിച്ചിരുന്നത്. എന്നാൽ, യോഗേഷ് ഗുപ്ത ബവ്കോയുടെ തലപ്പത്ത് എത്തിയപ്പോൾ അദ്ദേഹത്തിന്റെ സീനിയോറിറ്റി കണക്കിലെടുത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായി (സിഎംഡി) നിയമിക്കപ്പെട്ടു. പിന്നീട് വന്നവരും സിഎംഡി പദവിയിലാണ് ചുമതല നിർവഹിച്ചത്. പുതിയ ഉത്തരവിലൂടെ എക്സൈസ് കമ്മിഷണർ എം.ആർ. അജിത് കുമാറിനെ ബെവ്കോ ചെയർമാനായി നിയമിച്ചിരിക്കുകയാണ്, ഈ തീരുമാനം പഴയ രീതിയിലേക്കുള്ള മടങ്ങിവരവിനെ സൂചിപ്പിക്കുന്നു.

എം.ആർ. അജിത് കുമാർ വിവാദങ്ങളിൽ നിന്ന് മുക്തനല്ല. തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിലും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പേരിലും അദ്ദേഹം വിവാദത്തിലായിരുന്നു. തൃശ്ശൂർ പൂരം കലക്കിയ സമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്നിട്ടും അജിത് കുമാർ ഇടപെടാൻ തയ്യാറാകാതിരുന്നതായി മുൻ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരെ കാര്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. പുതിയ നിയമനം ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.

More Stories from this section

family-dental
witywide