ഇമ്രാൻ ഖാൻ എവിടെ ? മരണപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി പാകിസ്ഥാനിലെ അഡിയാല ജയിൽ

ഇസ്ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസ്റ്റഡിയിലിരിക്കെ മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി പാകിസ്ഥാനിലെ അഡിയാല ജയിൽ. മുൻ പ്രധാനമന്ത്രി ആരോഗ്യവാനാണെന്നും ജയിൽ ആശുപത്രിക്കുള്ളിൽ തന്നെയുണ്ടെന്നും ജയിൽ ഭരണകൂടം അറിയിച്ചു. ഇമ്രാന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ “അടിസ്ഥാനരഹിതമാണ്” എന്നും അദ്ദേഹത്തിന് “പൂർണ്ണ വൈദ്യസഹായം” ലഭിക്കുന്നുണ്ടെന്നും ജയിൽ ഭരണകൂടം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം മുതലാണ് സമൂഹമാധ്യമങ്ങളിൽ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പടർന്നത്. മുൻ പാകിസ്ഥാൻ ക്യാപ്റ്റനും പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) മേധാവിയുമായ അദ്ദേഹം അഴിമതിക്കേസിൽ അറസ്റ്റിലായതിനുശേഷം നിലവില്‍ അഡിയാല ജയിലിലാണ് കഴിയുന്നത്.

“അഡിയാല ജയിലിൽ നിന്ന് അദ്ദേഹത്തെ മാറ്റിയതായുള്ള റിപ്പോർട്ടുകളിൽ സത്യമില്ല. അദ്ദേഹം പൂർണ്ണമായും ആരോഗ്യവാനാണ്, ” പ്രസ്താവനയിൽ പറയുന്നു.

ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്‌ച ആവശ്യപ്പെട്ട് സഹോദരി അലീമ ഖാനും തെഹ്‌രീക്-ഇ-ഇൻസാഫ് നേതാക്കളും അഡിയാല ജയിലിനടുത്തുള്ള ഗൊരഖ്‌പൂർ ചെക്ക്‌പോസ്റ്റിൽ പ്രതിഷേധം നടത്തിയിരുന്നു. ഒടുവിൽ പൊലീസുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്ക് ശേഷം സഹോദരനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നല്‍കി. ഇന്ന് വൈകിട്ടും അടുത്ത ചൊവ്വാഴ്‌ചയുമാണ് ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി നൽകിയത്. താനും കുടുംബവും ചെക്ക്‌പോസ്റ്റിൽ ഉള്ളിടത്തോളം കാലം പ്രതിഷേധം തുടരാൻ തയ്യാറാണെന്ന് അലീമ ഖാൻ പറഞ്ഞു. അതേസമയം, കുടുംബത്തിന് അനുമതി ലഭിച്ചതോടെ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ട വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞു.

Adiala Jail in Pakistan responds amidst rumours of Imran Khan’s death.

More Stories from this section

family-dental
witywide