ഇടുക്കി അടിമാലിക്കടുത്ത് കൂമന്‍ പാറയില്‍ ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിൽ ബിജുവും ഭാര്യ സന്ധ്യയും അപകടത്തിൽപ്പെട്ടത് സർട്ടിഫിക്കറ്റുകളെടുക്കാൻ വന്നപ്പോൾ. രാത്രി പത്തുമണിയോടെയാണ് ഇരുവരും സർട്ടിഫിക്കറ്റുകളെടുക്കാൻ വീട്ടിലെത്തിയത്. ഇരുവരും മണ്ണിടിച്ചിൽപ്പെട്ടെന്ന് അറിഞ്ഞതോടെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സന്ധ്യയെയും ബിജുവിനെയും പുറത്തെടുത്തെങ്കിലും ബിജുവിൻ്റെ ജീവൻ നഷ്ടമായിരുന്നു.
അപകടത്തിൽ കാലിൽ ഗുരുതര പരുക്കേറ്റ സന്ധ്യയെ കൊച്ചിയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. രണ്ടുമക്കളാണ് ബിജുവിനും സന്ധ്യയ്ക്കുമുള്ളത്. ഇരുവർക്കും രണ്ട് മക്കളായിരുന്നു ഉണ്ടായത്. മൂത്തമകൾ കോട്ടയത്ത് നഴ്സിംഗിന് പഠിക്കുകയാണ്. ഇളയമകൻ കാൻസർ ബാധിച്ച് കഴിഞ്ഞ വർഷം മരിച്ചിരുന്നു.
അതേസമയം, അപകടത്തിൽ എട്ടുവീടുകൾ തകർന്നുവെന്നാണ് റിപ്പോർട്ട്. രണ്ടുവീടുകൾ പൂർണമായും ആറു വീടുകൾ ഭാഗികമായും തകർന്നു. മണ്ണിടിച്ചിലിന് കാരണം നാഷണൽ ഹൈവേയുടെ അനധികൃത മണ്ണെടുപ്പാണ് എന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണിടിച്ചിൽ സൂചനയെ തുടർന്ന് പ്രദേശത്ത് നിന്ന് 22 കുടുംബങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചിരുന്നു.
Adimali landslide; Biju and Sandhya met with the accident when they came to collect certificates at home












