
ലണ്ടൻ: നെറ്റ്ഫ്ലിക്സ് സീരിസ് ‘അഡോളസെൻസ്’ കണ്ട ശേഷമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. കൗമരക്കാരുടെ ഓണ്‍ലൈന്‍ അഡിക്ഷനും, ഹിംസ സ്വഭാവവും എല്ലാം ചൂണ്ടിക്കാട്ടുന്ന സിരീസ് ആണ് ‘അഡോളസെൻസ്’. ഈ ഗുരുതര പ്രശ്നം പരിഹരിക്കാൻ സ്കൂളുകളിലും പാർലമെന്റിലും ഈ സീരിസ് പ്രദർശിപ്പിക്കണമെന്ന് ഷോയുടെ രചയിതാവ് ജാക്ക് ത്രോണ്‍ ആഹ്വാനം ചെയ്തിരുന്നു. ബ്രീട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാര്‍ ഇപ്പോൾ ഇതിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
പാർലമെന്റ് അംഗം അന്നലീസ് മിഡ്ഗ്ലേ “ഓൺലൈനിലെ പുരുഷ മേധാവിത്വ ചിന്തയും പെൺകുട്ടികൾക്കെതിരെയുള്ള വയലന്‍സും” ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നെറ്റ്ഫ്ലിക്സ് സീരിസ് കണ്ടതിന്റെ അനുഭവം വിവരിച്ചത്. സ്റ്റാർമർ തന്റെ കുടുംബത്തോടൊപ്പം ‘അഡോളസെൻസ്’ കണ്ടുവെന്ന് പറഞ്ഞു.
“16 വയസ്സുള്ള ഒരു മകനും 14 വയസ്സുള്ള മകളുമുണ്ട് എനിക്ക്. ഇതൊരു മികച്ച സീരിസാണ്. ചില ടീനേജ് ആൺകുട്ടികൾ കാണിക്കുന്ന ഹിംസ അസഹ്യമാണ്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്,” കെയർ സ്റ്റാർമാര്‍ പറഞ്ഞു. ഈ പ്രശ്നങ്ങൾക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും സ്റ്റാർമർ വിശദീകരിച്ചു.