തിരുവനന്തപുരം: നടി ആക്രമണക്കേസ് വിധിയിൽ ദിലീപിനെ പിന്തുണച്ചെന്ന തരത്തിൽ വന്ന വിവാദത്തിനൊടുവിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രസ്താവന തിരുത്തി. രാവിലെ “അപ്പീൽ നൽകി ദിലീപിനെ ബുദ്ധിമുട്ടിക്കേണ്ട” എന്ന് പറഞ്ഞത് വളച്ചൊടിച്ചെന്നും താൻ അതിജീവിതയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി നിർദേശപ്രകാരമാണ് അനാവശ്യ വിവാദം ഒഴിവാക്കാൻ തിരുത്തൽ വരുത്തിയതെന്നാണ് സൂചന.
“കോടതി വിധിയെ തള്ളിപ്പറയാൻ ബുദ്ധിമുട്ടാണ്. പ്രോസിക്യൂഷന് തെറ്റ് പറ്റിയെങ്കിൽ സർക്കാർ തിരുത്തണം. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. അപ്പീൽ നൽകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല” എന്ന് അടൂർ പ്രകാശ് പറഞ്ഞു. കെപിസിസിയും അതിജീവിതയ്ക്ക് നീതി വേണമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അടൂർ പ്രകാശ് രാവിലെ പറഞ്ഞത്
‘നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ. എന്നാൽ നീതി എല്ലാവർക്കും വേണം. ദിലീപിനു നീതി ലഭ്യമായി. കലാകാരൻ എന്നതിനേക്കാൾ അപ്പുറം നേരിട്ടു ബന്ധമുണ്ടായിരുന്ന ആളാണ്. ദിലീപിനു കോടതി തന്നെയാണ് നീതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്നു ചിന്തിക്കുന്ന സർക്കാരാണ്. എന്തു കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയാറായി നിൽക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്’.














