
ന്യൂഡൽഹി: വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ കാംപാർട്ട്മെന്റിൽ ഒളിച്ചിരുന്ന് കാബൂളിൽനിന്ന് ഡൽഹിയിലേക്ക് അഫ്ഗാൻ ബാലൻ്റെ സാഹസിക യാത്ര. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. വിമാനത്തിൽ ഒളിച്ചിരുന്ന് സാഹസിക യാത്ര നടത്തിയ പതിമൂന്നുകാരനായ കുട്ടിയെ അതേ വിമാനത്തിൽ തിരിച്ചയക്കുകയും ചെയ്തെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രിതമേഖലയിലേക്ക് കടന്നുകയറിയ കുട്ടി അഫ്ഗാനിസ്ഥാൻ്റെ എയർലൈൻസായ കാം എയറിന്റെ ലാൻഡിങ് ഗിയർ കാംപാർട്ട്മെന്റിൽ കയറി ഇരിക്കുകയായിരുന്നു.
തുടർന്ന് രണ്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം രാവിലെ പതിനൊന്നിന് വിമാനം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻ്റ് ചെയ്തു. ശേഷം വിമാനത്തിന് ചുറ്റും കുട്ടി നടക്കുന്നത് വിമാനത്തിലെ ജീവനക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻതന്നെ കുട്ടിയെ സിഐഎസ്എഫിനെ ഏൽപ്പിക്കുകയും ചോദ്യംചെയ്യലിൽ വിമാനത്തിനോടുള്ള കൗതുകംകൊണ്ടാണ് ഇങ്ങനെ ചെയ്തതതെന്ന് കുട്ടി ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. ലാൻഡിങ് ഗിയർ കാംപാർട്ട്മെന്ററിൽ നടത്തിയ പരിശോധനയിൽ കുട്ടി ഉപയോഗിച്ചിരുന്ന ചെറിയ സ്പീക്കർ കണ്ടെടുത്തു. തുടർന്ന് മറ്റ് നടപടികൾ പൂർത്തിയാക്കി 12.30 ന് കാബൂളിലേക്ക് പോകുന്ന അതേ വിമാനത്തിൽ കുട്ടിയെ തിരിച്ചയച്ചു.