മന്ത്രി ശിവൻകുട്ടിയെ കാണാൻ റോസ് ഹൗസിലെത്തി അഫ്ഗാൻ കുട്ടികൾ

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ കാണാൻ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെത്തി അഫ്ഗാൻ കുട്ടികൾ. മന്ത്രിയോട് സംസാരിക്കാനും പ്രഭാത ഭക്ഷണം കഴിക്കാനുമാണ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രത്യേക ക്ഷണപ്രകാരം ഇന്ന് കുട്ടികൾ റോസ് ഹൗസിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്നുമെത്തിയ ഇവർ ശ്രീകാര്യം സർക്കാർ സ്കൂളിലാണ് പഠിക്കുന്നത്. നന്നായി മലയാളം സംസാരിക്കുന്ന പെൺകുട്ടിയും നാല് സഹോദരന്മാരുമാണ് മാതാപിതാക്കൾക്കൊപ്പം മന്ത്രിയുടെ വസതിയിൽ എത്തിയത്.

കുട്ടികളുടെ പിതാവ് കാര്യവട്ടം ക്യാംപസിൽ ഗവേഷകവിദ്യാർത്ഥിയാണ്. അങ്ങനെയാണ് കുടുംബം കേരളത്തിലെത്തിയത്. നാലുവർഷമായി കേരളത്തിലുണ്ട്. മന്ത്രി ഒരു പരിപാടിക്കായി ശ്രീകാര്യം ഹയർസെക്കൻഡറി സ്കൂളിൽ എത്തിയപ്പോഴാണ് ഇവരെ കണ്ടതും വസതിയിലേക്ക് ക്ഷണിച്ചതും. പിതാവിന്റെ ഗവേഷണപഠനം പൂർത്തിയാകുന്നതോടെ ഈ വർഷം തന്നെ തിരികെ പോകാനുള്ള തയാറെടുപ്പിലാണ് കുടുംബം. മന്ത്രിയുടെ വസതിയിലെത്തിയ ഇവർ ഒത്തിരി വിശേഷങ്ങൾ പങ്കിട്ട് ഭക്ഷണ ശേഷമാണ് മടങ്ങിയത്.

More Stories from this section

family-dental
witywide