
ന്യൂഡല്‍ഹി : ഇന്ത്യയിലെത്തിയ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഞായറാഴ്ച നടത്താനിരുന്ന ആഗ്ര സന്ദര്‍ശനം റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. താജ്മഹല്‍ കാണാന്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആഗ്രയിലേക്ക് പോകേണ്ടതായിരുന്നുവെങ്കിലും യാത്ര റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യാ സന്ദര്‍ശനത്തിനിടെ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ദാറുല്‍ ഉലൂം ദിയോബന്ദ് മുത്തഖി സന്ദര്‍ശിച്ചിരുന്നു. സഹാറന്‍പൂരില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത മുത്തഖി, ഇന്ത്യന്‍ മുസ്ലീങ്ങളില്‍ നിന്നും മതപണ്ഡിതരില്‍ നിന്നും, പ്രത്യേകിച്ച് ദിയോബന്ദ് സന്ദര്‍ശന വേളയില്‍ ലഭിച്ച സ്‌നേഹത്തിനും അഗാധമായ നന്ദി പ്രകടിപ്പിച്ചിരുന്നു.
ഒക്ടോബര്‍ 9 മുതല്‍ 16 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിലാണ് മുത്തഖി. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന ആദ്യത്തെ ഉന്നതതല സംഘമാണിത്. വെള്ളിയാഴ്ച അഫ്ഗാന്‍ എംബസിയില്‍ നടന്ന അഫ്ഗാന്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതോടെ ഇദ്ദേഹത്തിന്റെ സന്ദര്‍ശനം ഇന്ത്യയില്‍ വിവാദമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബിജെപിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.















