
ദില്ലി: അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. യുഎൻ സുരക്ഷാ കൗൺസിൽ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടർന്നാണ് ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ എന്നിവരുമായി താലിബാൻ മന്ത്രി കൂടിക്കാഴ്ച നടത്തും.
യുഎസ് നേതൃത്വത്തിലുള്ള സൈന്യത്തെ അഫ്ഗാനിൽ നിന്ന് പിൻവലിച്ചതിനെത്തുടർന്ന്, 2021 ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന ഉന്നത താലിബാൻ നേതാവാണ് ആമിർ ഖാൻ മുത്തഖി. താലിബാൻ സർക്കാരിനെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാൽ അതത് വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചകളും ചർച്ചകളും നടത്താൻ താൽക്കാലിക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മുത്തഖിയുടെ ഇന്ത്യാ സന്ദർശനം താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകുമെന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സൗഹൃദപരമായ ബന്ധങ്ങളുണ്ടായിരുന്നു. എന്നാൽ 2021-ൽ യുഎസ് പിൻവാങ്ങുകയും താലിബാൻ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തതോടെ ഇന്ത്യ കാബൂളിലെ എംബസി അടച്ചു. എന്നാൽ വ്യാപാരം, വൈദ്യസഹായം, മാനുഷിക സഹായം എന്നിവ സുഗമമാക്കുന്നതിനായി ഒരു വർഷത്തിനുശേഷം ഇന്ത്യ ദൗത്യം ആരംഭിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം കൈമാറണമെന്ന് താലിബാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, അഫ്ഗാനിസ്ഥാനിൽ വിദേശ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള ശ്രമങ്ങളെ എതിർക്കാൻ റഷ്യ, ചൈന, തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയും ചേർന്നതിന് പിന്നാലെയാണ് സന്ദർശനമെന്നതും പ്രധാനമാണ്. ഒ
രു രാജ്യത്തിനെതിരെയും ഭീകര പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ നിർബന്ധം പിടിക്കുന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച താലിബാൻ, ഓപ്പറേഷൻ സിന്ദൂരിനെയും പിന്തുണച്ച് മെയ് 15 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് മുത്തഖി ഇന്ത്യയിലെത്തുന്നത്.