
ന്യൂഡല്‍ഹി : അയര്‍ലന്‍ഡില്‍വെച്ച് ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വംശജന്‍ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച ഡബ്ലിനില്‍ ഒരു കൂട്ടം കൗമാരക്കാരുടെ ആക്രമണത്തിന് ഇരയായ ഇദ്ദേഹം ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്നതായാണ് പറയുന്നത്. ഈ സംഭവത്തിന് പിന്നാലെ താന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും കുടുംബം അടക്കം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതായും വെളിപ്പെടുത്തി.
ഞായറാഴ്ച വൈകുന്നേരം 5:30 ഓടെ ഫെയര്‍വ്യൂ പാര്‍ക്കില്‍ വെച്ച് മൂന്ന് പേര്‍ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. പാര്‍ക്കില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ വന്ന കൗമാരക്കാരില്‍ ഒരാള്‍ തന്റെ വയറ്റില്‍ ചവിട്ടിയെന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും മറ്റ് രണ്ട് പേര്‍ തന്നെ ആക്രമിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അടിയേറ്റ് താന്‍ നിലത്തുവീണപ്പോള്‍ സംഘത്തിലെ ഒരാള്‍ ലോഹ വാട്ടര്‍ ബോട്ടില്‍ എടുത്ത് കണ്ണിനു മുകളില്‍ ഇടിച്ചെന്നും അത് ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്നും ഇദ്ദേഹം അനുഭവം പങ്കുവെച്ചു.
സംഭവസമയത്ത് ആരും തന്നെ സഹായിച്ചില്ലെന്നും കുറച്ചുസമയത്തിനു ശേഷം രണ്ടുപേര്‍ പൊലീസിനെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. മുറിവ് ആഴത്തിലുള്ളതായതിനാല്‍ എട്ട് തുന്നലുകള്‍ വേണ്ടിവന്നിരുന്നു. തന്റെ ഇന്ത്യന്‍ സുഹൃത്തുക്കളില്‍ പലരും ഇപ്പോള്‍ ‘പുറത്തേക്ക് പോകാന്‍ ഭയപ്പെടുന്നു’ എന്നും ചിലര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ പോലും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഇപ്പോഴും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തിനുനേരെ അടുത്തിടെയായി നടന്ന ആക്രമണങ്ങളെ ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് അപലപിച്ചിരുന്നു.
അതേസമയം, ഇന്ത്യന്‍ വംശജര്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍, ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അടിയന്തര സുരക്ഷാ ഉപദേശം നല്‍കുകയും ‘വിജനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും അതീവ ജാഗ്രത പാലിക്കാനും’ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.