
ശ്രീനഗര്‍: മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി, 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഞായറാഴ്ച ദേശീയപതാക ഉയര്‍ന്നു. ഒരുകാലത്ത് തീവ്രവാദികളുടെയും വിഘടനവാദികളുടെയും കോട്ടയായിരുന്നു ത്രാല്‍ പട്ടണം. ഇവിടമാണ് ദേശഭക്തി ഗാനങ്ങളും ‘ഭാരത് മാതാ കീ ജയ്’ വിളികളുംകൊണ്ട് മുഖരിതമായത്.
ത്രാലില്‍ നടന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ പിഡിപി എംഎല്‍എ റഫീഖ് നായിക് ഉള്‍പ്പെടെ ഏകദേശം 1,000 പേര്‍ പങ്കെടുത്തു. റിപ്പബ്ലിക് ദിനത്തില്‍ ത്രാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ഇതാദ്യമായിരിക്കുമെന്ന് ആവേശഭരിതരായ തെക്കന്‍ കശ്മീരിലെ നിവാസികള്‍ പറഞ്ഞു. തലമുറകളുടെ ഐക്യത്തെയും രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയേയും പ്രതീകമാക്കി മൂന്നു തലമുറയില്‍പ്പെട്ട മൂന്നുപേരാണ് സംയുക്തമായി പതാക ഉയര്‍ത്തിയത്. ഒരു വയോധികനും ഒരു യുവാവും ഒരു കുട്ടിയുമായിരുന്നു ആ മൂന്നുപേര്‍.
രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ് എന്നിവരുടെ കനത്ത സുരക്ഷയിലായിരുന്നു ചടങ്ങ്. അശാന്തിക്ക് പേരുകേട്ട ഇടമായ ത്രാലില്‍ ഇതൊരു ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നുവെന്നാണ് ചടങ്ങില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.