
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ന്റെ ചിത്രീകരണത്തിനായി ചെന്നൈയിൽ നിന്ന് മമ്മൂട്ടി ഹൈദരാബാദിലേക്ക് തിരിച്ചു. ചെന്നൈ വിമാനത്താവളത്തിലേക്ക് സ്വയം വാഹനം ഓടിച്ചെത്തിയ താരം ആരാധകരെ ആവേശത്തിലാക്കി. അസുഖത്തിൽ നിന്ന് മുക്തി നേടിയ ശേഷമാണ് ഏഴ് മാസങ്ങൾക്ക് ശേഷം മെഗാസ്റ്റാർ ക്യാമറക്ക് മുന്നിലെത്തുന്നത്. നാളെ മുതലാണ് ഷൂട്ടിംഗ് ആരംഭിക്കുക. ‘ദ ക്യാമറ ഈസ് കാളിംഗ്, ഇഷ്ടമുള്ള കാര്യം ചെയ്യാൻ പോകുന്നു’ – എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്നു എന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
‘പേട്രിയറ്റ്’ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷകൾ ഉണർത്തിയിരിക്കുന്നു, പ്രത്യേകിച്ച് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൊണ്ട്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമിക്കുന്നത്. സി ആർ സലിം, സുഭാഷ് ജോർജ് എന്നിവർ സഹനിർമാതാക്കളും രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ എക്സിക്യൂട്ടീവ് നിർമാതാക്കളുമാണ്. ജോസഫ് നെല്ലിക്കൽ (പ്രൊഡക്ഷൻ ഡിസൈൻ), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), ധന്യ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം) എന്നിവർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരുടെ ഒരു വലിയ ടീം ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്.
ശ്രീലങ്ക, അബുദാബി, അസർബൈജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡൽഹി, കൊല്ലി തുടങ്ങിയ വിവിധ ലൊക്കേഷനുകളിലാണ് ‘പേട്രിയറ്റ്’ന്റെ ചിത്രീകരണം നടക്കുന്നത്. മഹേഷ് നാരായണന്റെ സംവിധാന മികവും താരനിരയുടെ പ്രകടനവും ചേർന്ന് ഈ ചിത്രം മലയാള സിനിമയിൽ ഒരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ. ലിനു ആന്റണി (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ഫാന്റം പ്രവീൺ (അസോസിയേറ്റ് ഡയറക്ടർ) എന്നിവരുടെ പിന്തുണയോടെ, ഈ ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകർക്ക് ഒരു വിഷ്വൽ വിരുന്ന് സമ്മാനിക്കാൻ ഒരുങ്ങുകയാണ്.