
കറാച്ചി: യുഎസില്‍വെച്ച് ഇന്ത്യയ്‌ക്കെതിരെ ആണവഭീഷണി മുഴക്കിയ പാക് സൈനിക മേധാവി അസിം മുനീറിനു പിന്നാലെ പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയും ഭീഷണി ആവര്‍ത്തിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കുമനസിലാക്കിയതോടെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിക്കവെയാണ് ഭൂട്ടോ ഭീഷണി മുഴക്കിയത്. ഇന്ത്യ ജലം നല്‍കാതിരുന്നാല്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്നാണ് ഭൂട്ടോ പറഞ്ഞത്. നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യാ സര്‍ക്കാരിന്റെ പ്രവൃത്തികള്‍ പാക്കിസ്ഥാന് വലിയ നഷ്ടമുണ്ടാക്കിയെന്നും മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പാക് ജനതയോട് അദ്ദേഹം ആഹ്വാനം ചെയ്തു.
പാക്കിസ്ഥാനല്ല സംഘര്‍ഷം ആരംഭിച്ചതെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്ക്കെതിരെ പോരാടാന്‍ തയാറാണെന്നും ഭൂട്ടോ ഭീഷണി മുഴക്കി. ഇനിയൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്നും ഭൂട്ടോ പറഞ്ഞു.
പാക്കിസ്ഥാന്‍ ആണവരാഷ്ട്രമാണെന്നും തങ്ങളെ തകര്‍ത്താല്‍ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസില്‍ അസിം മുനീര്‍ പറഞ്ഞത്.