
കൊച്ചി: അയ്യപ്പ സംഗമത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം പകുതിയോടെ കൊച്ചിയിലോ കോഴിക്കോടോ ആയിരിക്കും ന്യൂനപക്ഷ സംഗമം. അയ്യപ്പ സംഗമത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് പിണറായി സർക്കാരിന്‍റെ പുതിയ നീക്കമെന്നാണ് വ്യക്തമാകുന്നത്. ന്യൂനപക്ഷ സംഗമത്തിന്റെ സ്വാഗത സംഘം ഈ മാസം 20-ന് ചേരും. ‘വിഷന്‍ 2031’ എന്ന പേര് നല്‍കിയ ഈ പരിപാടിയില്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ നിന്നുള്ള 1,500 പ്രതിനിധികള്‍ പങ്കെടുക്കും.
33 സെമിനാറുകളും പ്രബന്ധാവതരണങ്ങളും ഉള്‍പ്പെടുന്ന ഈ സംഗമത്തിന്റെ ഏകോപന ചുമതല കെ ജെ മാക്‌സി എംഎല്‍എയ്ക്കാണ്. 2031-ല്‍ കേരളത്തിലെ ന്യൂനപക്ഷ സംഘടനകളുടെ പ്രവര്‍ത്തന ദിശയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.
അതേസമയം, ഈ മാസം 20-ന് പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം നടക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമായ ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.













