കുന്നംകുളത്തിനു പിന്നാലെ പീച്ചിയിലും ‘ഗുണ്ടകളായി’ പൊലീസുകാര്‍, മർദ്ദന ദൃശ്യങ്ങൾ പുറത്ത്

പട്ടിക്കാട് : കേരള മനസാക്ഷിയെ ഞെട്ടിച്ച കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദന ദൃശ്യത്തിനു പിന്നാലെ വീണ്ടും പൊലീസിന്റെ ക്രൂരത. തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ ഉണ്ടായ ചെറിയ തര്‍ക്കം പൊലീസ് സ്റ്റേഷന്‍ വരെ എത്തുകയും ഹോട്ടല്‍ മാനേജരെയും ഡ്രൈവറെയും അടക്കം പൊലീസ് മര്‍ദ്ദിക്കുകയുമായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തര്‍ക്കമാണു സംഭവത്തിനു പിന്നില്‍.

2023 മേയ് 23നായിരുന്നു സംഭവം. ഹോട്ടല്‍ ജീവനക്കാര്‍ തന്നെ മര്‍ദിച്ചതായി പാലക്കാട് വണ്ടാഴി സ്വദേശി പരാതിപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിയ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ പി.എം.രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മര്‍ദിച്ചതായി ലാലീസ് ഗ്രൂപ്പ് ഉടമ കെ.പി.ഔസേഫ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഔസേഫിന്റെ മകന്‍ പോള്‍ ജോസഫിനെ ഉള്‍പ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടച്ച് പരാതി ഒത്തുതീര്‍പ്പാക്കുന്നതിനു നിര്‍ദേശിച്ചു. ഇതിനായി പരാതിക്കാരന്‍ 5 ലക്ഷം രൂപ ആവശ്യപ്പെടുകയും അതില്‍ 3 ലക്ഷം പൊലീസിനാണെന്ന് പറയുകയും ചെയ്തു. 5 ലക്ഷം രൂപ സിസിടിവി ക്യാമറയ്ക്കു മുന്നില്‍വച്ചാണ് ഔസേഫ് കൈമാറിയത്. തന്നെ ആരും മര്‍ദിച്ചില്ലെന്നു പരാതിക്കാരന്‍ മൊഴി നല്‍കി ജില്ലാ അതിര്‍ത്തി കടന്നു പോയതിനു പിന്നാലെ പൊലീസ് ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു. ഒരുവര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭ്യമായത്.

More Stories from this section

family-dental
witywide