മുംബൈയ്ക്ക് ശേഷം, ടെസ്‌ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ ; ഉദ്ഘാടനം ഓഗസ്റ്റ് 11 ന്

യു.എസ് ഇലക്ട്രിക വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള വരവ് ആഘോഷമാക്കുന്നു. മുംബൈക്കു പിന്നാലെ രാജ്യത്തെ രണ്ടാമത്തെ ഷോറൂം രാജ്യ തലസ്ഥാനത്ത് ഒരുങ്ങുന്നു. ഓഗസ്റ്റ് 11 നാണ് ഉദ്ഘാടനം. എക്സിലെ ഒരു പോസ്റ്റില്‍, ‘ഡല്‍ഹിയില്‍ എത്തുന്നു’ എന്ന് കമ്പനി എഴുതി, ദേശീയ തലസ്ഥാനത്ത് ടെസ്ലയുടെ സാന്നിധ്യം ഓഗസ്റ്റ് 11 ന് ആരംഭിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു ഗ്രാഫിക് സഹിതമാണ് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം.

ഓഗസ്റ്റ് 11-ന് ഡല്‍ഹിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്ല ഇന്ത്യയുടെ മേധാവികള്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും കമ്പനി അറിയിപ്പ് ഇന്നാണ് എത്തിയത്. ജൂലൈ 15 ന്, മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ (ബികെസി) മേക്കര്‍ മാസിറ്റി മാളിലാണ് ടെസ്ല ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറന്നത്. ഇതോടെ, ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയായ ഇന്ത്യയില്‍ ടെസ്ല ഔദ്യോഗികമായി പ്രവേശിച്ചു. ഏകദേശം 60 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് മിഡ്സൈസ് എസ്യുവിയായ ടെസ്ല മോഡല്‍ വൈയാണ് ഇവിടെ പുറത്തിറക്കിയത്. നിലവില്‍, രാജ്യത്ത് ലഭ്യമായ ഏക മോഡല്‍ മോഡല്‍ വൈ ആയിരിക്കും. ഇത് രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യും; 60 ലക്ഷം രൂപ വിലയുള്ള റിയര്‍-വീല്‍ ഡ്രൈവ്, 68 ലക്ഷം രൂപ വിലയുള്ള ലോംഗ് റേഞ്ച് റിയര്‍-വീല്‍ ഡ്രൈവ്.

മോഡല്‍ വൈ ആറ് നിറങ്ങളില്‍ ലഭ്യമാണ്. സ്റ്റെല്‍ത്ത് ഗ്രേ, പേള്‍ വൈറ്റ് മള്‍ട്ടി-കോട്ട്, ഡയമണ്ട് ബ്ലാക്ക്, അള്‍ട്രാ റെഡ്, ക്വിക്ക്സില്‍വര്‍, ഗ്ലേസിയര്‍ ബ്ലൂ എന്നിവ അധിക വിലയ്ക്ക് ലഭിക്കും. ഇന്റീരിയര്‍ വെള്ള, കറുപ്പ് തീമുകളിലാണുള്ളത്. മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ മാത്രമേ വാഹനങ്ങളുടെ ഡെലിവറികളും രജിസ്‌ട്രേഷനും ലഭ്യമാകൂ എന്നാണ് ടെസ്ലയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

More Stories from this section

family-dental
witywide