
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക്. പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ, നൂറോളം ഭീകരരെ കാലപുരിക്ക് അയച്ച ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് വലിയ അഭിമാനമായി. എസ് 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഇതിനു പിന്നാലെ പുറത്തുവരുന്ന വാർത്ത എസ് 400 പ്ലാറ്റ്‌ഫോമിന്റെ കൂടുതൽ യൂണിറ്റുകൾക്കായി ഇന്ത്യ റഷ്യയെ സമീപിച്ചെന്നാണ്. ഉന്നത പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശിയ മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാകിസ്താൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തടയുന്നതിലും നിർവീര്യമാക്കുന്നതിലും റഷ്യൻ നിർമ്മിത എസ്-400 സംവിധാനം നിർണായക പങ്ക് വഹിച്ചിരുന്നു. എസ് 400 ഉയർന്ന കൃത്യതയും കാര്യക്ഷമതയും പ്രകടിപ്പിച്ചതായി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ഈ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മോസ്കോയിൽ നിന്ന് കൂടുതൽ എസ്-400 മിസൈലുകൾ വാങ്ങി വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇന്ത്യ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ അഭ്യർത്ഥന റഷ്യ ഉടൻ അംഗീകരിക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
റഷ്യൻ നിർമ്മിത എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിൽ ‘സുദർശന ചക്രം’ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നൂതനമായ മിസൈൽ പ്രതിരോധ സംവിധാനമാണിത്. 600 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ കണ്ടെത്താനും 400 കിലോമീറ്റർ വരെ അകലെയുള്ളവയെ തടയാനും ഇതിന് ശേഷിയുണ്ട്.
അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി 2018 ൽ ഇന്ത്യ 5.43 ബില്യൺ ഡോളറിൻ്റെ കരാർ റഷ്യയുമായി ഒപ്പുവച്ചിരുന്നു. പാകിസ്താൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമ ഭീഷണികളെ നേരിടാൻ 2021 ൽ ആദ്യത്തെ യൂണിറ്റ് പഞ്ചാബിൽ സ്ഥാപിച്ചു.
നാല് തരം മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള എസ്-400 ന് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തടയാൻ കഴിയും. ഇതിൻ്റെ നൂതന ഫേസ്ഡ്-അറേ റഡാർ ഒരേസമയം 100 ലധികം ലക്ഷ്യങ്ങളെ നിരീക്ഷിക്കുന്നു. മൊബൈൽ ലോഞ്ചറുകൾ യുദ്ധഭൂമിയിൽ എളുപ്പത്തിൽ പുനർവിന്യാസം നടത്താനും സഹായകമാണ്.