“ഇല്ല, ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” ….വിപ്ലവ സമര സൂര്യന് വിട നൽകി തലസ്ഥാനം; വിലാപയാത്രയായി വി എസ് ആലപ്പുഴയിലേക്ക്

നെഞ്ചുലയ്ക്കുന്ന മുദ്രാവാക്യങ്ങളോടെ കേരളത്തിൻ്റെ സമരപുത്രന്, വിപ്ലവ നായകന് വിട നൽകി തലസ്ഥാനം. സെക്രട്ടേറിയേറ്റ് ദർബാർ ഹാളിലെ പൊതുദർശനം അവസാനിപ്പിച്ച് പ്രത്യേകം സജ്ജമാക്കിയ കെഎസ്ആർടിസി ബസിൽ വി എസിൻ്റെ മൃതദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക് . സർക്കാരിൻ്റെ ഗാർഡ് ഓഫ് ഓണർ നൽകി തലസ്ഥാനം വി എസിന് വിട നൽകി. ദേശീയ പാതയിലൂടെ പുന്നപ്ര വയലാർ മണ്ണിലേക്ക് വിഎസിൻ്റെ അവസാന യാത്ര തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വി എസിന്റെ വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

വി എസിനെ അവസാനമായി കാണാൻ ദർബാർ ഹാളിലേക്ക് ജനപ്രവാഹമായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ഇന്നലെ മുതൽ വി എസിനെ കാണാനായി തലസ്ഥാനത്തേക്ക് എത്തിയത്. നിരവധി അനവധി പേരാണ് ഇന്നലെ മുതൽ വി എസിനെ കാണാനെത്തിയത്. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ, മറ്റു പാർട്ടി നേതാക്കൾ, മത നേതാക്കന്മാർ, വിവിധ മേഖലകളിലെ പ്രമുഖർ, അതിനേക്കാൾ വി എസ് ചേർത്തു പിടിച്ച വി എസിനെ ചേർത്തുപിടിച്ച സാധാരണക്കാരിൽ സാധാരണക്കാർ അത്തരത്തിൽ നിരവധി പേർ കടലുപോലെയാണ് വി എസിനെ കാണാൻ ദർബാർ ഹാളിലേക്ക് എത്തിയത്.

1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വി എസിന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു.

മരിച്ചെന്ന് കരുതി ഉപേക്ഷിച്ച വി എസ് അവിടെ നിന്നാണ് ഉയർത്ത് എഴുന്നേറ്റ് വിപ്ലവസൂര്യനാകുന്നത്. 1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 1980 മുതൽ 1992 വരെ തുടർച്ചയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1985ൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായി.1967ൽ അമ്പലപ്പുഴയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി.

2001ൽ മലമ്പുഴയിലേക്ക് തട്ടകം മാറിയ വിഎസ് 2001-2006, 2011-2016 കാലയളവിൽ പ്രതിപക്ഷനേതാവായി. 2006ൽ കേരളത്തിൻ്റെ 20-ാമത് മുഖ്യമന്ത്രിയായി. 2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായും പ്രവർത്തിച്ചിരുന്നു.

വി എസിനൊപ്പം വളർന്ന, വി എസ് വളർത്തിയ കേരളം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച, കേരളം ഇന്ന് തല ഉയർത്തി നിൽക്കുന്നത് എല്ലാം വി എസിന്റെ വിപ്ലവങ്ങളാണ്. വിപ്ലവപ്രസ്ഥാനത്തിലൂടെ സമരങ്ങളിലൂടെ ജനങ്ങൾക്ക് വേണ്ടി, സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ടിരുന്ന വി എസിൻ്റെ മരണം വലിയ നഷ്ടമാണ് കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്.