ഷിക്കാഗോ: അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിയിൽ 1994-ന് ശേഷം ആദ്യമായി ഒരു വളർത്തുനായ്ക്ക് പേവിഷബാധ (Rabies) സ്ഥിരീകരിച്ചു. ചിക്കാഗോയിലെ ഒരു കുടുംബം ദത്തെടുത്ത നായ്ക്കുട്ടിക്കാണ് രോഗം ബാധിച്ചത്. ജൂലൈയിൽ ഒരു സന്നദ്ധ സംഘടനയിൽ നിന്ന് ദത്തെടുത്ത നായ്ക്കുട്ടി അക്രമാസക്തനാവുകയും വീട്ടുകാരെ കടിക്കുകയും ചെയ്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഡിസംബർ 17-ന് നായയെ ദയാവധത്തിന് വിധേയമാക്കി.
നായയ്ക്ക് നേരത്തെ പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയിരുന്നതായാണ് വിവരം. എങ്കിലും എങ്ങനെയാണ് രോഗബാധ ഉണ്ടായതെന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. നായയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 13 പേർക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ (Post-exposure prophylaxis) നൽകിത്തുടങ്ങി. നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല.
ഇല്ലിനോയിയിൽ സാധാരണയായി വവ്വാലുകളിലാണ് പേവിഷബാധ കാണാറുള്ളത്. കുക്ക് കൗണ്ടിയിൽ 1964-ന് ശേഷം ആദ്യമായാണ് ഒരു നായയിൽ ഈ വൈറസ് കണ്ടെത്തുന്നത്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ 100% മരണകാരണമായേക്കാവുന്ന രോഗമാണിത്. അതിനാൽ വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് വാക്സിൻ നൽകണമെന്നും മൃഗങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
After three decades of domestic dog rabies in the United States, confirmed in Chicago















