അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി താലിബാൻ. അമേരിക്ക ഈ നീക്കത്തിന് ശ്രമിച്ചാൽ യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് താലിബാൻ നേതൃത്വം കാണ്ഡഹാറിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. പാകിസ്താൻ യുഎസിനെ ഏതെങ്കിലും രൂപത്തിൽ സഹായിച്ചാൽ, അത് താലിബാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്സാദയുടെ നേതൃത്വത്തിൽ നടന്ന രഹസ്യയോഗത്തിൽ ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥർ, രഹസ്യാന്വേഷണ മേധാവികൾ, സൈനിക കമാൻഡർമാർ, ഉലമ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പാകിസ്താൻ നയതന്ത്രപരമോ സൈനികപരമോ സാധനസാമഗ്രികളോ നൽകി അമേരിക്കയെ പിന്തുണച്ചാൽ, പാകിസ്താനെ ശത്രുരാജ്യമായി കണക്കാക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ആഗോള, പ്രാദേശിക ശക്തികളുമായി അടിയന്തര ബന്ധപ്പെടലിനായി പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദിനെയും വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയെയും ചുമതലപ്പെടുത്തി.
തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം തിരിച്ചുനൽകണമെന്നും, അല്ലെങ്കിൽ “മോശം കാര്യങ്ങൾ” സംഭവിക്കുമെന്നുമുള്ള ട്രംപിന്റെ മുൻ പ്രസ്താവനയാണ് താലിബാന്റെ ഈ കടുത്ത നിലപാടിന് കാരണമായത്. 2021-ൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതിന് ശേഷം ബഗ്രാം വ്യോമതാവളം താലിബാന്റെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിൽ, യുഎസിന്റെ ഏതൊരു നീക്കവും മേഖലയിൽ പുതിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്ക ഉയരുകയാണ്.













