
വാഷിംഗ്ടണ്‍ : ഇന്ത്യക്കും റഷ്യക്കും കടുത്ത വിമര്‍ശനവും പരിഹാസവും ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി റഷ്യ. ഇരു രാജ്യങ്ങളുടേയും മരിച്ച സമ്പദ് വ്യവസ്ഥായാണെന്നും (‘ഡെഡ് എക്കണോമിസ്’) അതിനെ ഒരുമിച്ച് തകര്‍ക്കാന്‍ തനിക്കാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. തങ്ങളുടെ ‘ഡെഡ് ഹാന്‍ഡ്’ (മരിച്ച കൈ) എത്ര അപകടകരമാകുമെന്ന് ഓര്‍മ്മിക്കണം.’ എന്നായിരുന്നു റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ മുന്നറിയിപ്പ്.
എന്താണ് ഡെഡ് ഹാന്‍ഡ്?
‘മരിച്ച കൈ’ അഥവാ റഷ്യന്‍ ‘ഡെഡ് ഹാന്‍ഡ്’എന്നത് സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ചെടുത്ത ഒരു ആണവാക്രമണ പ്രതികരണ, പ്രത്യാക്രമണ സംവിധാനമാണ്. ‘പെരിമീറ്റര്‍’ എന്നും ഇതിന് പേരുണ്ട്. ഒരു വലിയ ആണവ ആക്രമണത്തിലൂടെ മുഴുവന്‍ സോവിയറ്റ് നേതൃത്വത്തെയും നശിപ്പിക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ പ്രയോഗിക്കാനുള്ള ബ്രഹ്‌മാസ്ത്രമാണിത്. മുഴുവന്‍ സോവിയറ്റ് നേതൃത്വത്തെയും നശിപ്പിച്ചാല്‍ പോലും തിരിച്ച്, ആണവായുധങ്ങള്‍ ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ഈ സംവിധാനത്തിലൂടെ അവര്‍ക്ക് കഴിയും. പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം, ഒരു ആണവ യുദ്ധത്തിന്റെ സൂചനകള്‍ ലഭിച്ചാല്‍, മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ലാതെ, അല്ലെങ്കില്‍ വളരെ ചെറിയ ഇടപെടലോടെ തന്നെ ആണവ പ്രത്യാക്രമണം നടത്തും. ആണവ ആക്രമണം സ്ഥിരീകരിച്ചാല്‍, ‘ഡെഡ് ഹാന്‍ഡ്’ സംവിധാനം ഒരു പ്രത്യേക കമാന്‍ഡ് മിസൈല്‍ വിക്ഷേപിക്കുകയും ഈ മിസൈല്‍ രാജ്യത്തുടനീളമുള്ള എല്ലാ ആണവ മിസൈല്‍ സൈലോകളിലേക്കും കമാന്‍ഡ് സെന്ററുകളിലേക്കും ന്യൂക്ലിയര്‍ മിസൈലുകള്‍ ഉപയോഗിച്ച് തിരിച്ചടിക്കാനുള്ള കമാന്റുകള്‍ പുറപ്പെടുവിക്കുകയും ചെയ്യും. ഇത്തരത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തങ്ങളുടെ മേല്‍ ഏതെങ്കിലും രാജ്യം ആണവ ആക്രമണം നടത്തിയാല്‍, ആ രാജ്യവും പൂര്‍ണ്ണമായി നശിപ്പിക്കപ്പെടുമെന്ന് ഉറപ്പുനല്‍കുന്ന സംവിധാനമാണിത്.
2008 മുതല്‍ 2012 വരെ പ്രസിഡന്റും 2012, 2020 കാലയളവില്‍ പ്രധാനമന്ത്രിയും ആയിരുന്ന റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ്, ‘ഡെഡ്’ എന്ന് അദ്ദേഹം മുദ്രകുത്തുന്നവരുടെ അപകടങ്ങളെ അവഗണിക്കരുതെന്നാണ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ട്രംപ് എത്തിയിരുന്നു. റഷ്യയുമായി ഇന്ത്യ അടുക്കുന്നതിന് അമേരിക്കയ്ക്ക് യാതൊരു രീതിയിലുമുള്ള പ്രശ്നങ്ങളില്ലെന്നും ഇരു രാജ്യങ്ങള്‍ക്കും അവരവരുടെ മരിച്ച സമ്പദ്വ്യവസ്ഥകളുമായി വീണ്ടും താഴേക്ക് കൂപ്പു കുത്താമെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം.