
ന്യൂഡൽഹി: അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നു വീണ എയർ ഇന്ത്യ വിമാനാപകടത്തിൽ ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാൾ ഹർജി നൽകി. സുപ്രീം കോടതിയിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് എന്ന സംഘടനയും ചേർന്നാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
അപകടത്തിന് കാരണം പൈലറ്റുമാരുടെ പിഴവാണെന്ന നിഗമനം പുറത്തുവന്നതിനെ തുടർന്നാണ് പുഷ്‌കരാജ് സബർവാൾ കോടതിയെ സമീപിച്ചത്. ചില പരിശോധനകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സ്വയം പ്രതിരോധിക്കാൻ പോലുമാകാതെ മരിച്ച രണ്ട് പൈലറ്റുമാരുടെ നേർക്കാണ് അന്വേഷണം വിരൽ ചൂണ്ടുന്നത്.
അന്വേഷണത്തിൽ നിരവധി പിഴവുകളുണ്ട്. സംഭവത്തിന് പിന്നിലുള്ള ശരിയായ സാങ്കേതിക കാരണം തിരിച്ചറിയാൻ ഇപ്പോഴും അന്വേഷണ സംഘം ശ്രമിക്കുന്നില്ല. ഇത് ഭാവിയിലെ വിമാനസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. അതുകൊണ്ട് ജുഡീഷ്യൽ അന്വേഷണം നിഷ്‌പക്ഷമായി തന്നെ നടക്കണമെന്ന് ഹർജിക്കാർ ഹർജിയിൽ പറയുന്നു. അപകടത്തിൽ 260 പേർക്കായിരുന്നു ജീവൻ നഷ്ടമായത്.
Ahmedabad plane crash: Captain Sumeet Sabharwal’s father demands judicial inquiry