അഹമ്മദാബാദ് വിമാനാപകടത്തിലെ അന്വേഷണത്തിന്റെ ഗതിമാറുമോ? ജുഡീഷ്യൽ മേൽനോട്ടത്തിലാക്കണമെന്ന് പൈലറ്റിന്റെ പിതാവ് സുപ്രീം കോടതിയിൽ

ഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിലെ അന്വേഷണം ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും ചേർന്നാണ് ഹർജി സമർപ്പിച്ചത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ടിൽ മാനുഷിക പിഴവാണ് കാരണമെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി. പ്രാഥമിക അന്വേഷണത്തിൽ നിരവധി പിഴവുകളുണ്ടെന്നും സ്വയം പ്രതിരോധിക്കാൻ ജീവനോടെ ഇല്ലാത്ത പൈലറ്റുമാരെ കുറ്റപ്പെടുത്തി ശ്രദ്ധ തിരിക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു.

ദുരന്തത്തിലേക്ക് നയിച്ച സാങ്കേതിക ഘടകങ്ങൾ പരിശോധിക്കാതെ അന്വേഷണം നടന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. സ്വയം പ്രതിരോധിക്കാനാകാത്ത ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് ഭാവി വിമാന സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും അവർ വാദിക്കുന്നു. അന്വേഷണ സംഘത്തിൽ ഭൂരിഭാഗവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥരാണെന്നും ഇത് ‘സ്വന്തം കേസിൽ സ്വയം ജഡ്ജി ആകുന്ന’ അടിസ്ഥാന തത്ത്വലംഘനമാണെന്നും ഹർജിയിൽ പറയുന്നു. നിഷ്പക്ഷ അന്വേഷണത്തിന് ജുഡീഷ്യൽ ഇടപെടൽ ആവശ്യമാണെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂൺ 12-ന് എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സ്ഥലത്ത് 29 പേരും ദുരന്തത്തിൽ മരിച്ചു. അപകട കാരണങ്ങൾ സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് പുതിയ ഹർജി കോടതി ശ്രദ്ധയാകർഷിച്ചത്. സുപ്രീം കോടതി ഹർജി പരിഗണിക്കുന്നതോടെ അന്വേഷണത്തിന്റെ ഗതി മാറിയേക്കാം.

More Stories from this section

family-dental
witywide