
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർഇന്ത്യ വിമാനാപകടം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. പൈലറ്റുമാരുടെ പിഴവാണെന്ന തരത്തിലുള്ള വാർത്ത വരുന്നതിനോടൊപ്പം അന്വേഷണ സംഘത്തിൻ്റെ പ്രാഥമികാന്വേഷ റിപ്പോർട്ടിന്മേലുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിലായത് വിമാനത്തിന്റെ അപകടത്തിന് കാരണം എന്ന നിഗമനത്തിലാണ് ഇപ്പോൾ പരിശോധന മുന്നോട്ട് പോകുന്നത്. അതിനാൽ ഇന്ധന നിയന്ത്രണ സ്വിച്ചിൽ നിർണായക പരിശോധനയും പുരോഗമിക്കുകയാണ്.
ബോയിങ് 787 മോഡൽ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികളാണ് പരിശോധന നടത്തുന്നത്. ഇത്തിഹാദ്, സിംഗപ്പുർ എയർലൈൻ തുടങ്ങിയവയിലാണ് ആദ്യഘട്ടത്തിൽ പരിശോധന. ബോയിങ് 787 മോഡലുകളുടെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാനാണ് എഞ്ചിനീയർമാർക്ക് നൽകിയിരിക്കുന്ന നിർദേശം. പൈലറ്റുമാർ അറിയാതെ ഇന്ധന സ്വിച്ചുകൾ തനിയെ റണ്ണിൽ നിന്നും കട്ട് ഓഫിലേക്ക് പോകുമോയെന്നും ലോക്കിങ് മെക്കാനിസത്തിലുള്ള പ്രശ്‌നമാണോയെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
പുറത്ത് വന്ന പൈലറ്റുമാരുടെ സംസാരത്തിൽ എന്തിനാണ് നിങ്ങൾ ഇന്ധനം നിർത്തിയത്?’ എന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോൾ ‘ഞാൻ അങ്ങനെ ചെയ്‌തിട്ടില്ല’ എന്നാണ് മറ്റേ പൈലറ്റിന്റെ മറുപടി. എന്നാൽ ഇരുവരും ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്‌തില്ലെങ്കിൽ പിന്നെ എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തനിയെ കട്ട്ഓഫ് സാധ്യത പരിശോധിക്കുന്നതിലേക്ക് അന്വേഷണ സംഘം കടന്നിരിക്കുന്നത്. അതിനാൽ തന്നെ ഇലക്ട്രിക്കൽ തകരാറാകും കാരണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) കൈയിലുള്ളത്
ബ്ലാക്ക് ബോക്സസിലെ ഡാറ്റ, പൈലറ്റുമാരുടെ സംഭാഷണം എന്നിവയാണ്. ഇതിലെ ചെറുസംഭാഷണങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ ബാക്കിയുള്ള സംഭാഷണ ശകലങ്ങളിൽ എന്താണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇവ കൃത്യമായി പരിശോധിക്കുന്നതിനൊപ്പം മറ്റു പരിശോധനകളും പുരോഗമിക്കുകയാണ്.
ഇന്ധനനിയന്ത്രണ സ്വിച്ചുകളുടെ രൂപകൽപ്പന സുരക്ഷിതമെന്ന് ബോയിങ്ങും യുഎസിലെ വ്യോമയാന നിയന്ത്രണ ഏജൻസിയും നിരന്തരം വാദിക്കുന്നതിനിടെയാണ് തകർന്നുവീണ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഉൾക്കൊള്ളുന്ന കോക്ക്പിറ്റ് മൊഡ്യൂൾ നേരത്തെ രണ്ടു തവണ എയർ ഇന്ത്യ മാറ്റിയതാതി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ബോയിങ്ങിന്റെ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. തകർന്നുവീണ വിമാനത്തിന്റെ കോക്‌പിറ്റ് മൊഡ്യൂൾ 2019-ലും 2023-ലും മാറ്റിയതായുള്ള റിപ്പോർട്ട് പുറത്തുവരുന്നത്. ബോയിങ്ങിന്റെ മെയിന്റനൻസ് പ്ലാനിങ് ഡോക്യുമെന്റ് (എംപിഡി) അനുസരിച്ച് ഓരോ 24000 പറക്കൽ സമയത്തും ഇത് മാറ്റിസ്ഥാപിക്കേണ്ടതുണ്ട് എന്നാണ് റിപ്പോർട്ടുകൾ.നേരത്തെ മാറ്റിസ്ഥാപിച്ച കോക്‌പിറ്റ് മൊഡ്യൂളിൽ ഈ സ്വിച്ചും ഉൾപ്പെടുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.