അഹമ്മദാബാദ് വിമാനാപകടം; ഇന്ത്യയിലെ ആരും അത് പൈലറ്റിന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൈലറ്റിന്റെ പിഴവുമൂലമാണ് അഹമ്മദാബാദ് വിമാനാപകടമെന്ന് രാജ്യത്ത് ആരും വിശ്വസിക്കുന്നില്ലെന്ന് കോടതി. അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. അഹമ്മദാബാദ് വിമാനാപകടം പൈലറ്റിന്റെ പിഴവല്ലെന്നും എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ കമാന്‍ഡറായിരുന്ന പൈലറ്റിനെതിരെ ഒരു തെറ്റും ആരോപിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഈ അപകടം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങള്‍ വഹിക്കേണ്ടതില്ല. ആര്‍ക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണൻ ഹാജരായി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന നിലവിലെ അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ലെന്നും അന്വേഷണങ്ങളില്‍ നിഷ്പക്ഷത വേണമെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. നവംബര്‍ 10 ന് കേസ് വീണ്ടും പരിഗണിക്കും.

ജൂണ്‍ 12-നായിരുന്നു അഹമ്മദാബാദ് വിമാനാപകടമുണ്ടായത്. ദുരന്തത്തില്‍ 260 പേര്‍ക്കാണ് ജീവന്‍ നഷ്ടമായി. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്നയാൾ മാത്രമാണ് രക്ഷപ്പെട്ടത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോർട്ട് പ്രകാരം വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണം. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടായിരുന്നു.

Ahmedabad plane crash: No one in India believes it was pilot’s fault, says Supreme Court

More Stories from this section

family-dental
witywide