
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്നും അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന പ്രചാരണം ദൗർഭാഗ്യകരമെന്നും സുപ്രീം കോടതി. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം. കേന്ദ്രത്തിനും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും കോടതി നോട്ടീസ് അയച്ചു. ജൂലൈ 12 ന് പുറത്തിറക്കിയ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ടിലെ ചിലഭാഗങ്ങൾ തൃപ്‌തികരമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
പ്രാഥമിക റിപ്പോർട്ടിൽ ഇന്ധന കട്ട്ഓഫ് സ്വിച്ചുകൾ ‘റൺ’ എന്നതിൽ നിന്ന് ‘കട്ട്ഓഫ്’ എന്നതിലേക്ക് മാറ്റിയതാണ് അപകടകാരണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് പൈലറ്റിൻ്റെ പിഴവാണെന്ന തരത്തിലാണ് റിപ്പോർട്ട്. എന്നാൽ ഇതിനെതിരെ മരിച്ച പൈലറ്റ് സുമീത് സബർവാളിൻ്റെ പിതാവ് പുഷ്കരാജ് സബർവാൾ രംഗത്ത് വരികയും എഎഐബിയുടെ റിപ്പോർട്ടിൽ അപകടകാരണം തൻ്റെ മകനാണെന്ന് റിപ്പോർട്ട് ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും നേർവഴിയിലേക്ക് നയിക്കാൻ കേന്ദ്രസർക്കാർ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ട് പുഷ്‌കരാജ് കേന്ദ്രത്തിന് കത്തയച്ചിരുന്നു.
അതേസമയം, മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും (ഡിജിസിഎ) പ്രതികരണം തേടി. വിഷയത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടും (എഎഐബി) സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടു.ഹർജിയിൽ പ്രാഥമിക റിപ്പോർട്ട് നിർണായക വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നും ഇത് പൗരന്മാരുടെ ജീവിക്കാനും, തുല്യതയ്ക്കും, സത്യസന്ധമായ വിവരങ്ങൾ അറിയാനുമുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നും ആരോപിക്കുന്നു. ഇന്ധനം മാറ്റുന്നതിലെ തകരാറുകൾ, ഇലക്ട്രിക്കൽ തകരാറുകൾ തുടങ്ങിയ പ്രശ്‌നങ്ങളെ റിപ്പോർട്ട് നിസ്സാരവൽക്കരിക്കുകയും പൈലറ്റുമാരെ കുറ്റപ്പെടുത്തുകയും ചെയ്‌തുവെന്നും ഹർജിയിൽ വിമർശിക്കുന്നുണ്ട്.
ജൂൺ 12-ന് ഉച്ചയ്ക്കായിരുന്നു അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം, പറന്നുയർന്ന ഉടൻ തകർന്നു വീണത്. അപകടത്തിൽ വിമാനത്തിലെ 12 ജീവനക്കാരും, യാത്രക്കാരിൽ ഒരാളൊഴികെ 229 പേരും മരിച്ചു. വിമാനം അഹമ്മദാബാദിലെ ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് പതിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന 19 പേർക്കും അപകടത്തിൽ ജീവഹാനി സംഭവിച്ചിരുന്നു.