അഹമ്മദാബാദ് വിമാനാപകടം : 500 കോടി രൂപയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് ടാറ്റ ഗ്രൂപ്പ്

മുംബൈ : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സണ്‍സ് പുതിയ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവര്‍ക്കും വേണ്ടിയാണ് 500 കോടി രൂപയുടെ ട്രസ്റ്റ്.

പ്രഥമശുശ്രൂഷകര്‍, ആരോഗ്യ വിദഗ്ധര്‍, ദുരന്ത നിവാരണ വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ട്രസ്റ്റ് സഹായം നല്‍കും. മുംബൈയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള AI171 മെമ്മോറിയല്‍ ആന്റ് വെല്‍ഫെയര്‍ ട്രസ്റ്റിലേക്ക് ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും 250 കോടി രൂപ വീതം സംഭാവന ചെയ്യും. വിമാനാപകടത്തില്‍ തകര്‍ന്ന ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും പുനര്‍നിര്‍മിക്കാനും സഹായം നല്‍കും. ടാറ്റയിലെ മുന്‍ ഉദ്യോഗസ്ഥനായ എസ്.പത്മനാഭനെയും ടാറ്റ സണ്‍സിന്റെ ജനറല്‍ കൗണ്‍സിലായ സിദ്ധാര്‍ഥ് ശര്‍മ്മയെയും ട്രസ്റ്റി ബോര്‍ഡിലേക്ക് നിയമിച്ചു. അഞ്ചംഗ ബോര്‍ഡിലേക്ക് മൂന്ന് ഉദ്യോഗസ്ഥരെ കൂടി നിയമിക്കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ട്രസ്റ്റിനു ധനസഹായം നല്‍കുകയും പൂര്‍ണ ആത്മാര്‍ഥതയോടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുമെന്നുമാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപ നല്‍കിയതിനൊപ്പം ഗുരുതരമായി പരുക്കേറ്റവരുടെ ചികിത്സക്കും സഹായവും ടാറ്റ നല്‍കിയിരുന്നു.

More Stories from this section

family-dental
witywide