
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- AI) സാങ്കേതിക ജോലികള്‍ ഇല്ലാതാക്കുമെന്ന വര്‍ദ്ധിച്ചുവരുന്ന ഭയത്തെ തള്ളി ഗൂഗിള്‍ ക്ലൗഡ് സിഇഒ മലയാളിയായ തോമസ് കുര്യന്‍. എഐ ഒരിക്കലും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കില്ലെന്നും മറിച്ച് അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും തോമസ് കുര്യന്‍ പറയുന്നു.
സാങ്കേതികവിദ്യ തൊഴിലാളികളെ മുമ്പെന്നത്തേക്കാളും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കുമെന്നും ടെക് ന്യൂസ്ലെറ്റര്‍ ബിഗ് ടെക്‌നോളജിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. എഐയെ ഒരു പകരക്കാരനായല്ല, ഒരു പ്രാപ്തിദായകമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തീര്‍ച്ചയായും ഒരു മധ്യനിരയുണ്ടെന്ന് ഞാന്‍ കരുതുന്നു, എഐയുടെ ഉദ്ദേശ്യം ആളുകളെ പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കുന്നതിനുപകരം മനുഷ്യന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ്’ കുര്യന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച, എഐയില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായ ഗൂഗിളിന്റെ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സ്യൂട്ടിനെ ഒരു യഥാര്‍ത്ഥ ഉദാഹരണമായി കുര്യന്‍ ചൂണ്ടിക്കാട്ടി. ഗൂഗിള്‍ സ്യൂട്ട് പുറത്തിറക്കിയപ്പോള്‍, എഐ അവരുടെ ഉപഭോക്തൃ സേവന ഏജന്റുമാരുടെ ജോലി പോകാന്‍ ഇടയാക്കുമെന്ന് ചില കമ്പനികള്‍ ആശങ്കപ്പെട്ടെന്നും എന്നാല്‍, നേരെ വിപരീതമാണ് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് സാധ്യമല്ലാത്ത വിധത്തില്‍ ഉപഭോക്താക്കളുമായി ഇടപഴകാന്‍ ബിസിനസുകളെ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെന്നും, ഉല്‍പ്പാദനക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഈ വര്‍ഷം ആദ്യം സമാനമായ പ്രവണതകള്‍ ചൂണ്ടിക്കാട്ടി എടുത്തുകാണിച്ച ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും രംഗത്തെത്തിയിരുന്നു.