
വാഷിംഗ്ടണ്‍: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കുന്നു. ഇന്ത്യൻ സമയം നാളെ രാവിലെ 9.30നാണ് ലോഞ്ച്. ഇതിനൊപ്പം തന്നെ ഓൺലൈനായി ലൈവ് ഡെമോയും എക്സ്എഐ പുറത്ത് വിടും. ഡിജിറ്റൽ വിവരങ്ങൾ അഥവാ ഡേറ്റ ഉപയോഗിച്ചാണ് എഐ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം.
തെറ്റുകൾ ഡേറ്റ നോക്കി പരിഹരിക്കുന്ന സവിശേഷത ഗ്രോക് 3 ൽ ഉണ്ടെന്നാണ് കമ്പനിയുടെ വാദം. ഡേറ്റയിൽ തെറ്റുണ്ടെങ്കിൽ അതു കണ്ടെത്തി നീക്കാനും ഗ്രോക് 3ന് സാധിക്കും. സ്ഥിരതയും കൃത്യതയും ഇതുവഴി പ്ലാറ്റ്ഫോം ഉറപ്പുവരുത്തുമെന്നാണ് മസ്കിന്‍റെ അവകാശവാദം.നേരത്തെ, എഐ രംഗത്തെ അതികായരും ചാറ്റ് ജിപിടി ഉടമകളുമായ ഓപൺ എഐക്ക് ഇലോൺ മസ്ക് വിലയിട്ടിരുന്നു.
97.4 ബില്യൺ ഡോളറിന് ഓപൺ എഐ വാങ്ങാമെന്നാണ് മസ്ക് മുന്നോട്ട് വച്ചിട്ടുള്ള ഓഫർ. എന്നാൽ, മസ്കിന്‍റെ ഓഫർ ആലോചന പോലും ഇല്ലാതെ ഓപൺ എഐ സിഇഒ സാം ആൾട്ട്മാൻ മസ്കിന്‍റെ ഓഫര്‍ തള്ളിക്കളഞ്ഞു. ഒപ്പം 9.74 ബില്യൺ ഡോളറിന് ട്വിറ്റർ (നിലവിലെ എക്സ്) ഏറ്റെടുക്കാമെന്ന വാഗ്ദാനമാണ് സാം നല്‍കിയത്. ഓപൺ എഐക്കെതിരെ മസ്ക് നിയമപോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് ഏറ്റെടുക്കൽ വാഗ്ദാനവും.
2015ൽ ഓപ്പൺ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാർ വ്യവസ്ഥകൾ ആൾട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്‌കിന്റെ വാദം. 2015ൽ ഓപൺ എഐയിൽ മസ്ക് സഹസ്ഥാപകനായി എത്തിയിരുന്നെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ച് സ്വന്തമായി എഐ കമ്പനി രൂപീകരിക്കുകയായിരുന്നു. പിന്നാലെ, ഓപൺ എഐയുടെ വിമർശനകനായി മസ്ക് മാറുകയും ചെയ്തു.