കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം ഇനി മിടിക്കുക നേപ്പാൾ സ്വദേശി ദുർഗയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് എറണാകുളത്തെത്തി. എറണാകുളം സർക്കാർ ജനറൽ ആശുപത്രിയിലാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുന്‍പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ജില്ലാ തല ആശുപത്രിയിൽ ഇത് ആദ്യമായാണ് നടക്കുന്നത്.
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിൻറെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, 2 നേത്ര പടലങ്ങൾ, സ്കിൻ എന്നിവയാണ് ദാനം ചെയ്യുന്നത്. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റിവെച്ചു. ഹാർട്ട് വാൽവ്, നേത്രപടലങ്ങൾ എന്നിവ രോഗികൾക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും.
കഴിഞ്ഞ ആറ് മാസത്തിലധികമായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് നേപ്പാൾ സ്വദേശിയായ ദുർഗ. ഹൃദയസംബന്ധമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന രോഗത്തിനടിമയാണ് യുവതി. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. ദുർഗയ്ക്ക് ഇനി സഹോദരൻ മാത്രമാണ് കൂടെയുള്ളത്.
Air ambulance carrying heart reaches Kochi, Ernakulam General Hospital is set to perform its first-ever heart transplant












