ജീവനക്കാരുടെ പണിമുടക്ക്; മുഴുവൻ വിമാനസർവീസുകളും റദ്ദാക്കി എയർ കാനഡ

ഒട്ടാവ: പതിനായിരത്തിലേറെ കാബിൻ ക്രൂ ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് എയർ കാനഡയുടെ മുഴുവൻ വിമാനസർവീസുകളും റദ്ദാക്കി. ജീവനക്കാർ 72 മണിക്കൂർ പണിമുടക്ക് ആരംഭിച്ചതോടെയാണ് സർവീസുകൾ റദ്ദാക്കിയത്. വിമാനങ്ങൾ റദ്ദാക്കിയത് ഒരുദിവസം മാത്രം ഏകദേശം 1.30 ലക്ഷം യാത്രക്കാരെ പണിമുടക്ക് ബാധിച്ചു. പണിമുടക്കിനെ തുടർന്ന് എയർകാനഡയുടെ ബജറ്റ് സർവീസ് വിഭാഗമായ എയർ കാനഡ റൂഷിന്റെ സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ മുതലാണ് 72 മണിക്കൂർ പണിമുടക്ക് ആരംഭിച്ചത്. ഉയർന്നവേതനം ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ജീവനക്കാർ കാനഡയിലെ പ്രധാന വിമാനത്താവളങ്ങളിൽ പിക്കറ്റിങ്ങും സംഘടിപ്പിക്കും.

ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം തന്നെ എയർ കാനഡ വിമാനസർവീസുകൾ കുറച്ചിരുന്നു. 623 വിമാനങ്ങൾ റദ്ദാക്കിയതായി വെള്ളിയാഴ്ച രാത്രി തന്നെ കമ്പനി അറിയിച്ചു. തങ്ങളുടെ വിമാനങ്ങളിൽ ടിക്കറ്റെടുത്തവർ മറ്റുവിമാനങ്ങളെ ആശ്രയിക്കുന്നില്ലെങ്കിൽ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് എയർകാനഡ യാത്രക്കാരോട് അഭ്യർഥിച്ചു. എയർകാനഡ ജാസ്, PAL എയർലൈൻസ്, എയർകാനഡ എക്‌സ്പ്രസ് വിമാനങ്ങളെ സമരം ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

കാനഡയിൽനിന്ന് ലോകത്തെ 180 നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന എയർ കാനഡ കാബിൻ ക്രൂ യൂണിയനുമായി കമ്പനി നേരത്തേ ചർച്ച നടത്തിയിരുന്നെങ്കിലും വേതനകാര്യത്തിൽ തീരുമാനമായിരുന്നില്ല. തുടർന്ന് യൂണിയൻ പ്രതിനിധീകരിക്കുന്ന 99.7 ശതമാനം ജീവനക്കാരും പണിമുടക്കിലേക്ക് നീങ്ങാൻ വോട്ട്ചെയ്യുകയായിരുന്നു. വിഷയത്തിൽ പരിഹാരം കണ്ടെത്താൻ കമ്പനിയും ജീവനക്കാരുടെ യൂണിയനും ചർച്ചകളിലേക്ക് മടങ്ങണമെന്നും സമരം ഒഴിവാക്കണമെന്നും കാനഡ തൊഴിൽ മന്ത്രിയും നിർദേശിച്ചു.

More Stories from this section

family-dental
witywide