
ഒട്ടാവ: വേതന വര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എയര്‍ കാനഡ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചതായി കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (സിയുപിഇ) അറിയിച്ചു. ഒമ്പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം കമ്പനിയുമായി ഒരു താല്‍ക്കാലിക കരാറിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കരാറിലെത്തുന്നതിന് പിന്നാലെ വിമാന സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുന്നതാണെന്ന് എയര്‍ കാനഡയും അറിയിച്ചു. പണിമുടക്കിന് ശേഷമുള്ള ആദ്യ വിമാനം ചൊവ്വാഴ്ച വൈകുന്നേരത്തേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. അതേസമയം, പത്തു ദിവസമെങ്കിലും എടുക്കും സേവനങ്ങള്‍ പൂര്‍ണമായി പുനരാരംഭിക്കാന്‍. പതിനായിരത്തോളം അറ്റന്‍ഡന്റുമാരായിരുന്നു പണിമുടക്കിയത്.