
തിരുവനന്തപുരം: തിരുവനന്തപുരം-അബുദാബി വിമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. രാത്രി 8.40ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി വെള്ളിയാഴ്ച രാവിലെ 7.15നു മാത്രമേ പുറപ്പെടൂ എന്നാണ് അധികൃതര്‍ അറിയിച്ചത്. പതിനൊന്നു മണിക്കൂറോളം വിമാനം വൈകുന്നത് യാത്രക്കാരെ ചില്ലറയ്ക്കല്ല ബുദ്ധിമുട്ടിക്കുന്നത്. രാത്രി വിമാനം പ്രതീക്ഷിച്ച് ഉച്ചകഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയവര്‍ കാത്തിരുന്ന് മുഷിയുകയാണ്. സാങ്കേതിക തകരാര്‍ മൂലമാണു വിമാനം വൈകുന്നതെന്നു കമ്പനി അധികൃതര്‍ അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു.
ഇതോടെ ഭക്ഷണമോ വെള്ളമോ പോലും വാങ്ങാനാകാതെ വലയുകയാണു യാത്രക്കാര്‍. ഇവരെ ലോഞ്ചിലേക്കു പോലും കടത്തിവിടാന്‍ അധികൃതര്‍ തയാറായില്ലെന്നും പരാതിയുണ്ട്. കുടിക്കാന്‍ ഒരു കുപ്പി വെള്ളം പോലും വിമാനത്താവള അധികൃതര്‍ നല്‍കുന്നില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.