
ഓണാഘോഷത്തിൽ ഓണസദ്യയൊരുക്കി ആഘോഷമാക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസും. കേരളത്തിൽ നിന്ന് യു.എ.ഇ.യിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക ഓണസദ്യ ഒരുക്കുന്നത്. കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ നിന്ന് എയർ ഇന്ത്യയുടെ പുറപ്പെടുന്നതും എത്തുന്നതുമായ വിമാനത്തിലാണ് സെപ്റ്റംബർ എട്ട് വരെ ഓണസദ്യ ലഭ്യമാകുക.
വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 18 മണിക്കൂർ മുമ്പ് ഈ 500 രൂപയ്ക്ക് ലഭിക്കുന്ന സദ്യ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. മട്ട അരി ചോറിനൊപ്പം പരിപ്പ്, സാമ്പാർ, അവിയൽ, കൂട്ടുകറി, എരിശ്ശേരി, തോരൻ, മാങ്ങാ അച്ചാർ, ഇഞ്ചിപ്പുളി, കായ വറുത്തത്, ശർക്കര വരട്ടി, പാലട പ്രഥമൻ തുടങ്ങിയ കേരളീയ വിഭവങ്ങൾ സദ്യയിൽ രുചി പകരും.